കോവിഡ് കാലത്ത് സമയംകൊല്ലാൻ തുടങ്ങിയ ഓൺലൈൻ റമ്മി; ലക്ഷങ്ങളുടെ നഷ്ടം, ഗിരീഷിന് ഒടുവിൽ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവന്നു
text_fieldsപാലക്കാട്: കൊല്ലങ്കോട് സാമ്പത്തിക ബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഓൺലൈനിൽ റമ്മി ഗെയിം കളിച്ച് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വരുത്തിയതായാണ് വെളിപ്പെടുത്തൽ. ഭാര്യയുടെ സ്വർണം വിറ്റും പണമുണ്ടാക്കി റമ്മി കളിച്ച് നഷ്ടത്തിലാവുകയായിരുന്നു.
എലവഞ്ചേരി പനങ്ങാട്ടിരി അമ്പലപ്പറമ്പിൽ ഗിരീഷിനെയാണ് (38) ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചെറുതുരുത്തിയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ വിഭാഗം ലാബ് അസിസ്റ്റന്റായിരുന്നു ഗിരീഷ്.
കോവിഡ് കാലത്തെ വിരസത അകറ്റാനായാണ് ഗിരീഷ് ഓൺലൈനിൽ റമ്മി കളിച്ച് തുടങ്ങിയതെന്ന് ഭാര്യ പറയുന്നു. പിന്നീട് റമ്മി കളിക്ക് അടിമയായി. ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളം മുഴുവൻ റമ്മി കളിക്ക് ഉപയോഗിച്ചു. പല ദിവസങ്ങളിലും ജോലി കഴിഞ്ഞ് വന്ന് പുലർച്ചെ വരെ റമ്മി കളിച്ചിരുന്നിട്ടുണ്ട്. പലപ്പോഴും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ദേഷ്യപ്പെടുകയാണുണ്ടായത്. റമ്മിയിൽ നഷ്ടമുണ്ടായതോടെ മദ്യപാനവും തുടങ്ങി. ചാകുമെന്നൊക്കെ പറയാറുണ്ടായിരുന്നെങ്കിലും ഒരിക്കലും അങ്ങനെ സംഭവിക്കുമെന്ന് കരുതിയതല്ല. വാർത്തകളിലൊക്കെ ഇങ്ങനെയുള്ള സംഭവങ്ങൾ കേട്ടിട്ടേയുള്ളൂ, ഒരിക്കലും ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കുമെന്ന് കരുതിയതേയല്ല -ഗിരീഷിന്‍റെ ഭാര്യ പറയുന്നു.
പണം നഷ്ടപ്പെട്ടതിനെ തുടർന്ന് വീട്ടിൽ വഴക്കുണ്ടാകാറുണ്ടായിരുന്നു. തുടർന്ന് ഭാര്യയും കുട്ടികളും ഭാര്യവീട്ടിലായിരുന്നപ്പോഴാണ് ഗിരീഷ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ബന്ധു അന്വേഷിച്ചപ്പോഴാണ് ഗിരീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.