ലൈംഗിക പീഡനം: യുവതി സന്യാസിയുടെ ജനനേന്ദ്രിയം ഛേദിച്ചു
text_fieldsതിരുവനന്തപുരം: വർഷങ്ങളായി തന്നെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കിയ ‘സന്യാസി’യുടെ ജനനേന്ദ്രിയം യുവതി മുറിച്ചു. പേട്ട കണ്ണമ്മൂലയില്‍ ശനിയാഴ്ച പുലർച്ച 12.30നായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ എറണാകുളം കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന ഗംഗേശാനന്ദ തീർഥപാദരെ (54) മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊല്ലം ചവറയിലെ പന്മന ആശ്രമ അന്തേവാസിയാണ് ഗംഗേശാനന്ദയെന്ന് പൊലീസ് പറയുന്നു. എന്നാൽ, ആശ്രമ അധികൃതർ ഇതു നിഷേധിച്ചു.
ഗംഗേശാനന്ദ തന്നെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നെന്നും സ്വരക്ഷക്ക് വേണ്ടിയാണ് ലിംഗച്ഛേദം നടത്തിയതെന്നുമാണ് നിയമവിദ്യാർഥിനിയായ 23കാരി പൊലീസിന് നൽകിയ മൊഴി. അതേസമയം, ജനനേന്ദ്രിയം താൻ സ്വയം മുറിച്ചുവെന്നാണ് ഗംഗേശാനന്ദ പറയുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗംഗേശാനന്ദക്കെതിരെ ലൈംഗിക അതിക്രമത്തിന് പോക്സോ നിയമപ്രകാരം കേസെടുത്തു. ബലാത്സംഗകുറ്റം ചുമത്തിയ പ്രതിയുടെ അറസ്റ്റ് ശനിയാഴ്ച വൈകി രേഖപ്പെടുത്തി. പ്രതി തന്നെ 17 വയസ്സുമുതൽ പീഡിപ്പിച്ചുവരുകയായിരുെന്നന്നാണ് പെൺകുട്ടി പറയുന്നത്.
തന്നിലൂടെ ദൈവാനുഗ്രഹം ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നത്രേ പീഡനം. പലതവണ എതിർത്തു. എന്നാൽ, പീഡനം തുടരുകയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ ഗംഗേശാനന്ദ മാതാപിതാക്കൾ ഉറങ്ങിയ തക്കം നോക്കി പീഡിപ്പിക്കാനെത്തി. ഇയാളുടെ ലിംഗം മുറിച്ചുമാറ്റാൻ നേരത്തേ തീരുമാനിച്ചിരുന്നെന്നും ഇതിനായി കത്തി കരുതിവെച്ചിരുന്നെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഗുരുതര മുറിവേറ്റ ഗംഗേശാനന്ദയെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞുതൂങ്ങിയ അവസ്ഥയിലായതിനാൽ തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത നിലയിലായിരുന്നു.
എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി അടിയന്തര ശസ്ത്രക്രിയ നടത്തിയതായും ഡോക്ടർമാർ അറിയിച്ചു. ശനിയാഴ്ച വൈകീട്ടോടെ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിച്ച യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സംഭവത്തിൽ വനിതാ കമീഷന് സ്വമേധയാ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.