അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; ലഹരിക്കടിപ്പെട്ട പ്രതി ബാലികയോട് കാട്ടിയത് അതിക്രൂരത
text_fields പത്തനംതിട്ട: കുമ്പഴയിൽ തമിഴ്നാട് സ്വദേശിനിയായ ബാലികയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന രണ്ടാനച്ഛന് വധശിക്ഷ ലഭിച്ച സംഭവത്തിൽ ലഹരിക്കടിപ്പെട്ട പ്രതി ബാലികയോട് കാട്ടിയത് മൃഗങ്ങൾപോലും ചെയ്യാനറക്കുന്ന കാടത്തം. 2021 ഏപ്രിൽ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. അന്ന് മൂന്നു മണിയോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രണ്ടു സ്ത്രീകൾ എത്തിച്ച കുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോൾ മരണപ്പെട്ടതായി കണ്ടെത്തി. ഡോക്ടർ ഉടൻ വിവരം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.
കുട്ടിയുടെ ശരീരത്തിൽ 67 മുറിവുകൾ ഉണ്ടായിരുന്നു. ഇവ കത്തികൊണ്ട് വരഞ്ഞതും ചോറുവിളമ്പുന്ന തവികൊണ്ട് കുത്തിയതും അടിച്ചതും കാരണമായി സംഭവിച്ചതാണെന്ന് തെളിഞ്ഞു. മൃഗീയവും ക്രൂരവുമായ മർദനവും ലൈംഗികപീഡനവുമാണ് കുട്ടി അനുഭവിച്ചത്. തന്റെ സംരക്ഷണയിലുള്ള കുട്ടിയെ ഒഴിവാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കുട്ടിയുടെ പിതാവിനോടുള്ള വിരോധവും കാരണമായി. കുട്ടി മാരകമായി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം പരിശോധനക്കുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. രഹസ്യഭാഗങ്ങളിലെ നീർക്കെട്ട് ലൈംഗികപീഡനത്തിന്റെ ഫലമായാണ് സംഭവിച്ചതെന്നും അഭിപ്രായപ്പെട്ടു.
കുട്ടിയെ തമിഴ്നാട്ടിൽ വെച്ചും കൊലപ്പെടുത്താൻ ശ്രമിച്ചു
കൂടുതൽ അന്വേഷണത്തിൽ കുട്ടിയെ ലഹരിക്കടിമയായ പ്രതി തമിഴ്നാട്ടിൽവെച്ചും കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസ് സംഘം കണ്ടെത്തി. വിരുതുനഗർ ജില്ലയിൽ തെങ്കാശിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമിൽവെച്ച് ഒരിക്കൽ കുട്ടിയെ തലക്കടിച്ചു വീഴ്ത്തി. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റു. വലത് നെറ്റിയിൽ ഗുരുതരമായ പരിക്കും സംഭവിച്ചു. രാജപാളയം ആശുപത്രിയിൽ എത്തിച്ചപ്പോൾ, ഡോക്ടർമാരോട് ഇയാൾ പറഞ്ഞത് കളിക്കിടയിൽ വീണു പരിക്കേറ്റു എന്നായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ തിരുനൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് കുട്ടിയെ കുമ്പഴയിലെത്തിച്ച് ഇവർക്കൊപ്പം താമസിപ്പിക്കുകയായിരുന്നു. ഇവിടെ താമസിച്ചവരവെ ലഹരിക്കടിമയായ പ്രതി പലവിധത്തിലുള്ള മർദനങ്ങൾ തുടർന്നു. സംഭവദിവസം 2.50ന് മുമ്പുള്ള സമയം വരെ ഇവിടെ വെച്ച് പലതവണ കുട്ടിയെ ശാരീരികമായും ലൈംഗികമായും അതിക്രൂരമായ വിധത്തിൽ പീഡിപ്പിച്ചു. അന്നുതന്നെ പലതവണ ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും ചെയ്തു. സമാനതകളില്ലാത്ത ലൈംഗികവൈകൃതങ്ങളാണ് കുട്ടിയോട് ഇയാൾ കാട്ടിയത്. കൂടാതെ തലപിടിച്ച് ഭിത്തിയിൽ ഇടിച്ചതു കാരണം തലയുടെ പിന്നിൽ ഗുരുതരമായ പരിക്കുകളുമുണ്ടായി. മുഖത്തും നാഭിക്കും തൊഴിച്ചു. ഇടതുവശത്തെ രണ്ടു വാരിയെല്ലുകൾക്ക് പൊട്ടലുണ്ടായി, വൃക്കകൾക്കും ക്ഷതമേറ്റു. ശരീരമാസകലമേറ്റ പരിക്കുകളുടെ കാഠിനത്താൽ മരണം സംഭവിക്കുകയായിരുന്നു.
തൊഴിൽതേടി കേരളത്തിൽ; കാമുകിയുടെ കുഞ്ഞ് തടസ്സമായി
തമിഴ്നാട് രാജപാളയം സ്വദേശിയായ പ്രതി തൊഴിൽ തേടിയാണ് കുമ്പഴയിലെത്തിയതാണ്. ഇവിടെ വാടകവീട്ടിൽ താമസമായ ശേഷമാണ് കാമുകിയുടെ ആദ്യവിവാഹത്തിലെ രണ്ടു മക്കളിൽ മൂത്തകുട്ടിയെ കൊണ്ടുവന്നത്. ആദ്യഭർത്താവ് ഇവരെ ഉപേക്ഷിച്ചുപോയതാണ്.
ഇവർ അടുത്ത വീടുകളിൽ പണിക്കു പോകാറുണ്ട്, ഈ സമയം മകളെ പ്രതിയുടെ പക്കൽ ഏൽപിച്ചാണ് പോവാറ്. സംഭവദിവസവും ഇപ്രകാരം ഇയാളെ ഏൽപ്പിച്ചിട്ട് പണിക്കുപോയി തിരിച്ചു വന്നപ്പോൾ കണ്ടത് ദേഹമാകെ മുറിവേറ്റ് അബോധാവസ്ഥയിലായ കുട്ടിയെയായിരുന്നു. പ്രതിയോട് ചോദിച്ചപ്പോൾ മർദനമായിരുന്നു മറുപടി. തുടർന്ന് അയൽവാസികളോട് വിവരം പറയുകയും അവരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തന്റെ ജീവിതത്തിൽനിന്ന് കുഞ്ഞിനെ ഒഴിവാക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം.
കൃത്യമായ ആസൂത്രണത്തോടെ അന്വേഷണം; പ്രതി ഉടൻവലയിൽ
പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് സംഭവദിവസം വൈകീട്ട് അഞ്ചേമുക്കാലോടെയാണ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. തുടർന്ന് എസ്.എച്ച്.ഒ ആയിരുന്ന ഇൻസ്പെക്ടർ ബിനീഷ് ലാൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. അന്നത്തെ ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ ഉത്തരവ് പ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ മാതാവിന്റെ മൊഴി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് വ്യക്തമായിരുന്നു. സ്ഥിരമായി ഇയാൾ കുട്ടിയെ മർദിക്കുമായിരുന്നെന്ന് അവർ വെളിപ്പെടുത്തി. കത്തികളും തവിയും മറ്റും ഉടനടി പൊലീസ് വീട്ടിൽനിന്ന് കണ്ടെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പിറ്റേന്ന് രാവിലെ ഒമ്പതിന് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ഇയാളുടെ താമസസ്ഥലത്തും കുട്ടിയെ മാരകമായി മർദിച്ച് പരിക്കേൽപ്പിച്ച ഫാമിലും എത്തി പത്തനംതിട്ട പോലീസ് വിശദമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
ഇയാളുടെ താമസസ്ഥലം ഉൾക്കൊള്ളുന്ന മാറനേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരാളെ ദേഹോപദ്രവം ഏൽപിച്ച കേസിൽ രണ്ടാം പ്രതിയാണെന്നും കണ്ടെത്തിയിരുന്നു. കൃത്യമായ പ്ലാനിങ്ങോടെ പഴുതടച്ച് അന്വേഷണം സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കി, ബിനീഷ് ലാൽ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സ്പെഷൽ പ്രോസിക്യൂട്ടറായി അഡ്വ.നവീൻ എം. ഈശോയെ നിയമിച്ച് ഉത്തരവായി. തല, നെഞ്ച്, വയർ എന്നിവിടങ്ങളിൽ ഏറ്റ ഗുരുതരമായ പരിക്കുകൾ മരണത്തിന് കാരണമായതായി ശാസ്ത്രീയ അന്വേഷണത്തിൽ തെളിഞ്ഞു. കൊലപാതകം, ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു. ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് ബലമേകി. പ്രത്യേകഅന്വേഷണസംഘത്തെ പത്തനംതിട്ട ഡിവൈ.എസ്.പി ആയിരുന്ന പ്രദീപ് കുമാറാണ് നയിച്ചത്. എസ്.എച്ച്. കെ.വി. ബിനീഷ് ലാലിനെ കൂടാതെ
മലയാലപ്പുഴ എസ്.എച്ച്.ഒ മനോജ് കുമാർ, വുമൺ സെൽ ഇൻസ്പെക്ടർ ലീലാമ്മ, പത്തനംതിട്ട എസ്.ഐമാരായിരുന്ന സഞ്ജു ജോസഫ്, സവിരാജൻ, സന്തോഷ്, എ.എസ്.ഐമാരായ സന്തോഷ്, ആൻസി, സി.പി.ഒ അരുൺ ദേവ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
വിചാരണക്കിടെ കോടതിവളപ്പിൽ ആത്മഹത്യശ്രമം
പിടികൂടിയ രാത്രിയിൽ തന്നെ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. പൊലീസ് ജീപ്പിന്റെ ചില്ല് തകർക്കുകയും ചെയ്തു. പൊലീസും നാട്ടുകാരും ചേർന്ന് രാത്രി മുഴുവൻ ഉറക്കമിഴച്ച് നടത്തിയ തിരച്ചിലിൽ കുമ്പഴ തുണ്ടുമൺ കരയിൽനിന്ന് പുലർച്ച ആറോടെ പിടികൂടി. വിചാരണയ്ക്കിടെ ഒരുതവണ പ്രതി കോടതിവളപ്പിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.