കോവിഡ് വാക്സിനെ തുടർന്ന് അസ്വസ്ഥത; ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
text_fieldsകാസർകോട്: കോവിഡ് പ്രതിരോധ വാക്സിൻ ഒന്നാം ഡോസ് എടുത്തതിനെത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകം വാവടുക്കം വലിയകണ്ടത്തെ കെ. രവീന്ദ്രെൻറയും സുനിതയുടെയും മകൾ സി. രഞ്ജിതയാണ് (22) മരിച്ചത്. കോവിഷീൽഡ് ഒന്നാം ഡോസ് എടുത്തശേഷം ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ആഗസ്റ്റ് മൂന്നിന് ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽവെച്ചാണ് ഇവർക്ക് ഒന്നാം ഡോസ് എടുത്തത്. തുടർന്ന് പനിയും ഛർദിയും അനുഭവപ്പെട്ടു. അസ്വസ്ഥത കൂടിയതോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന രഞ്ജിതയുടെ നില വഷളാവുകയും മരിക്കുകയുമായിരുന്നു. ഐ.ടി.ഐ സിവില്‍ എന്‍ജിനീയറിങ് വിദ്യാർഥിനിയാണ് രഞ്ജിത. സഹോദരി: ദേവിക.
അതേസമയം, വാക്സിൻ എടുത്തതിനാലാണ് മരണമെന്നത് അറിയില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.