നാസറിന്‍െറ ധൈര്യം ആഴങ്ങള്‍ കടന്നു; മകള്‍ ജീവന്‍െറ കരയണഞ്ഞു
text_fieldsതൊടുപുഴ: അമ്പതടി താഴ്ചയുള്ള കിണറ്റിലെ രണ്ടാള്‍ പൊക്കത്തിലധികമുള്ള വെള്ളത്തില്‍ മകള്‍ മുങ്ങിത്താഴുന്ന കാഴ്ച നാസറിന് കണ്ടുനില്‍ക്കാവുന്നതിനും അപ്പുറമായിരുന്നു. തകര്‍ന്നുപോയ ഹൃദയത്തിന് ധൈര്യം താങ്ങായപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ എടുത്തുചാടി. കിണറിന്‍െറ അടിത്തട്ടില്‍നിന്ന് മകളെ കോരിയെടുത്ത് വെള്ളത്തിന് മുകളിലേക്ക് കുതിച്ചു. പക്ഷേ, രക്ഷിക്കാന്‍ കരയില്‍ ആരുമില്ല. അവശയായ മകള്‍ കൈകളില്‍ കിടക്കുന്നു. ഇരു കാലുകളും കിണറിനിരുവശത്തുമായി ഉടക്കിനിര്‍ത്തി ആ പിതാവ് 10 മിനിറ്റോളം നിന്നു. നാട്ടുകാരത്തെി കിണറ്റിലേക്കിറക്കിവെച്ച കോണിയുടെ പടികളില്‍ മകളെ ഇരുത്തിയ ശേഷമാണ് നാസറിന് ശ്വാസംവീണത്. അപ്പോഴേക്കും അദ്ദേഹത്തിന്‍െറ കൈകാലുകള്‍ കുഴഞ്ഞുപോയിരുന്നു.
തൊടുപുഴ കാരിക്കോടിന് സമീപം ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. പുന്നാപ്പിള്ളിയില്‍ നാസര്‍ മകള്‍ രഹ്നയുമായി കാരിക്കോട് നൈനാര്‍ പള്ളിക്ക് സമീപത്തെ സ്ഥലത്ത് കുരുമുളക് പറിക്കാന്‍ വന്നതായിരുന്നു. മൂലമറ്റം സെന്‍റ് ജോസഫ് കോളജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ രഹ്ന ബസ് പണിമുടക്ക് മൂലം ചൊവ്വാഴ്ച ക്ളാസില്‍ പോയില്ല. മകള്‍ കുരുമുളക് പറിക്കുന്നതിനിടെ നാസര്‍ പറമ്പിലെ മറ്റു ജോലികളിലേക്ക് കടന്നു. ഇതിനിടെയാണ് രഹ്ന ചുറ്റുമതിലില്ലാത്ത കിണറ്റില്‍ വീണത്.
കിണറിന് മുകളില്‍ പകുതിഭാഗം കോണ്‍ക്രീറ്റ് സ്ളാബുണ്ടെങ്കിലും ബാക്കി പടുതകൊണ്ട് മൂടിയിരിക്കുകയാണ്. കാടുപിടിച്ചു കിടന്നതിനാല്‍ സ്ളാബാണെന്ന് കരുതി ചവിട്ടിയ ഉടന്‍ വീഴുകയായിരുന്നു. മകളുടെ നിലവിളികേട്ട് നാസര്‍ ഓടിയത്തെി. നോക്കുമ്പോള്‍ സമീപത്തെ കല്ലും മണലുമെല്ലാം കിണറ്റിലേക്ക് വീഴുന്നു. അടുത്തെങ്ങും ആരുമില്ല. പിന്നീടൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ കിണറ്റിലേക്ക് എടുത്തുചാടി. കൈകാലിട്ടടിച്ച് വെള്ളംകുടിക്കുന്ന മകളെ ഒരുനിമിഷവും പാഴാക്കാതെ കോരിയെടുത്ത് മുകളിലേക്ക് പൊങ്ങി.
അവശയായ മകളുമായി വെള്ളത്തില്‍ കിടന്ന് അലറിയെങ്കിലും പാതി മൂടിയ കിണറ്റില്‍നിന്ന് ശബ്ദം പുറത്തുവന്നില്ല. തുടര്‍ന്ന്, കിണറിന്‍െറ ഇരു വശങ്ങളിലുമായി കാല്‍ കവച്ചുവെച്ച് സര്‍ക്കസുകാരന്‍െറ മെയ്വഴക്കത്തോടെ മകളെയും താങ്ങി പത്തുമിനിറ്റോളം നിന്നു. ഇതിനിടെ അയല്‍വാസികളും നാട്ടുകാരും ഓടിയത്തെി. ചിലര്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചു. നാട്ടുകാരിലൊരാള്‍ കോണി കിണറ്റിലേക്കിറക്കി. ആദ്യം രഹ്നയും പിന്നാലെ നാസറും മുകളിലത്തെി.
നാസറിന്‍െറ കൈക്കും പുറത്തും നിസ്സാര പരിക്കുണ്ട്. ക്രൈം ബ്രാഞ്ച് എസ്.ഐയായിരുന്ന നാസര്‍ ആറുമാസം മുമ്പാണ് വിരമിച്ചത്. നാസര്‍ സംഭവം വിവരിക്കുമ്പോള്‍ സമീപത്തുനിന്ന ഭാര്യ ബീന മകളുടെ ജീവന്‍ തിരിച്ചുകിട്ടയ സന്തോഷത്തില്‍ വിതുമ്പുന്നുണ്ടായിരുന്നു. ‘പൊന്നുമോള്‍ കിണറ്റില്‍വീണ് കിടക്കുമ്പോള്‍ അതില്‍ തിമിംഗലം ഉണ്ടെന്ന് പറഞ്ഞാലും ഒരു പിതാവും നോക്കിനില്‍ക്കില്ല’- നാസര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.