ചികിത്സക്കിടെ എച്ച്.െഎ.വി ബാധിച്ചെന്ന് സംശയിച്ച ബാലിക മരിച്ചു
text_fieldsഹരിപ്പാട്: തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെൻററിലെ ചികിത്സക്കിടെ രക്തം സ്വീകരിച്ചതിലൂടെ എച്ച്.ഐ.വി പിടിപെട്ടെന്ന് സംശയിക്കപ്പെട്ട ഹരിപ്പാട് സ്വദേശി ബാലിക മരിച്ചു. 14 മാസമായി അർബുദത്തിന് ചികിത്സയിലായിരുന്നു 10 വയസ്സുകാരി. ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച രാവിലെ 11.30 ഒാടെയായിരുന്നു അന്ത്യം. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. ആർ.സി.സിയിൽനിന്ന് 2017 നവംബറിൽ ഡിസ്ചാർജ് ചെയ്തു. ഇടക്കിടെ രക്തം മാറ്റാൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വന്നിരുന്നു.
ബുധനാഴ്ച രാവിലെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആർ.സി.സിപോലുള്ള സ്ഥാപനത്തിന് ചികിത്സപ്പിഴവ് സംഭവിച്ചെന്ന ആരോപണം ദേശീയതലത്തില്‍ ചര്‍ച്ചയായി. ആരോപണം ആർ.സി.സി അധികൃതർ നിഷേധിച്ചിരുന്നു. ചെന്നൈയിലെ ലാബില്‍ നടത്തിയ ആദ്യഘട്ട പരിശോധനയില്‍ എച്ച്.ഐ.വി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. വിശദ പരിശോധനക്ക് ഡൽഹിയിലെ ലാബില്‍ അയച്ചിരിക്കുകയാണ്. ഫലം കാത്തിരിക്കെയാണ് മരണം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.