രണ്ട് വയസുകാരിയെ കാണാതായ സംഭവം; തിരച്ചിലിന് അഞ്ച് സംഘങ്ങൾ, ജില്ല അതിർത്തിയിൽ ജാഗ്രതാ നിർദേശം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ തട്ടിക്കൊണ്ടു പോയ നാടോടി ദമ്പതികളുടെ മകൾക്കായി തിരച്ചിൽ ഊർജിതം. പേട്ട പൊലീസിന്‍റെ നേതൃത്വത്തിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കാണ് അന്വേഷണ ചുമതല.
ഡി.സി.പി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊലീസ് നായ മണം പിടിച്ച് കുട്ടിയെ കാണാതായതിന്‍റെ 400 മീറ്റർ അകലെ വരെ പോയി. സി.സി.ടിവി കാമറകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കുട്ടിയെ കാണാതായ സ്ഥലത്തിന് സമീപത്തെ ചതുപ്പിലും പ്രത്യേക സംഘം പരിശോധന നടത്തുന്നുണ്ട്. കുട്ടിയുടെ കുടുംബത്തിനൊപ്പം എത്തിയ ഇതര സംസ്ഥാനക്കാരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ജില്ല അതിർത്തികളിലും റെയിൽവേ സ്റ്റേഷൻ, ബസ്റ്റാൻഡ് എന്നിവിടങ്ങളിലും തിരച്ചിൽ നടത്തുന്നുണ്ട്.
ഇന്നലെ അർധരാത്രി 12 മണിയോടെയാണ് തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയിതായി പരാതി ലഭിച്ചത്. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീന ദേവി ദമ്പതികളുടെ രണ്ട് വയസുള്ള മകൾ മേരിയെയാണ് കാണാതായത്.
കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂം: 112, 0471 2743195, 9497990008, 0471 2501801 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമന്ന് പൊലീസ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം പേട്ടയിൽ ഓൾസെയിന്‍റ്സ് കോളജിന് സമീപമാണ് സംഭവം. വെള്ള പുള്ളിയുള്ള ടീഷർട്ടും നിക്കറുമാണ് കുട്ടി ധരിച്ചിരുന്നത്. ആക്ടീവ സ്കൂട്ടറിലെത്തിയ രണ്ടു പേരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
വഴിയരികിൽ മൂന്ന് സഹോദരങ്ങൾക്കൊപ്പമാണ് മേരി ഉറങ്ങിയിരുന്നത്. അർധരാത്രി ഒരു മണിക്ക് ശേഷം ഉണർന്നപ്പോൾ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. മഞ്ഞ നിറമുള്ള വാഹനമാണെന്ന് സഹോദരൻ മൊഴി നൽകിയിട്ടുണ്ട്. പ്രാഥമിക തിരച്ചിൽ നടത്തിയ ശേഷം ദമ്പതികൾ പേട്ട പൊലീസിനെ സമീപിക്കുകയായിരുന്നു.
ശംഖുമുഖം ആഭ്യന്തര ടെർമിനൽ, ബ്രഹ്മോസ് എന്നിവ സ്ഥിതി ചെയ്യുന്ന ചാക്കയിൽ നിന്ന് വിമാനത്താവളത്തിലേക്ക് വരുന്ന പ്രധാന പാതയുടെ സമീപത്തെ ലോറികൾ നിർത്തിയിടുന്ന തുറസ്സായ സ്ഥലത്താണ് ദമ്പതികൾ കഴിഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.