പെണ്‍കുട്ടിയുടെ മരണം: ഡോക്ടറുടെ പരാതിയിൽ കേസെടുത്തു
text_fieldsവടകര: അമൃത പബ്ലിക് സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി നാദാപുരം റോഡിലെ വേദ യു. രമേശ് (14) മരിച്ചത് മതിയായ ചികിത്സ ലഭ്യമാക്കാത്തതിനെ തുടര്‍ന്നാണെന്ന് ഡോക്ടറുടെ പരാതി. ഈ സാഹചര്യത്തില്‍ വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പനി ബാധിച്ച് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സ തേടാന്‍ രക്ഷിതാവ് തയാറായിരുന്നില്ല. പ്രകൃതിചികിത്സയുടെ ആരാധകനായ ഇദ്ദേഹം പച്ചവെള്ളവും തേനും നല്‍കുകയാണ് ചെയ്തതെന്ന് ഡോക്ടർ പരാതിയിൽ വ്യക്തമാക്കുന്നതായി പൊലീസ് അറിയിച്ചു. ഒരാഴ്ചക്കുശേഷം പനി മൂർച്ഛിച്ച് കുട്ടി തലകറങ്ങി വീണപ്പോഴാണ് ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ കൊണ്ടുപോയത്. വടകര ആശ ഹോസ്പിറ്റലിലെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ന്യുമോണിയ ബാധിച്ചതായി കണ്ടെത്തി. ഉടന്‍ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ആശുപത്രിയിലെത്തിച്ച കുട്ടി ബുധനാഴ്ച പുലര്‍ച്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.
മാതാപിതാക്കളുടെ അലംഭാവമാണ് ജീവന് നഷ്ടപ്പെടുത്തിയതെന്നു മനസ്സിലാക്കിയ ഡോക്ടര്‍ മൃതദേഹം വിട്ടുകൊടുക്കാന്‍ തയാറായില്ല. പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് വടകര പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി, മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തത്.
ആധുനിക ചികിത്സ യഥാസമയം ലഭ്യമാക്കിയിരുന്നെങ്കില്‍ പെണ്‍കുട്ടിയുടെ ജീവന് നഷ്ടപ്പെടില്ലായിരുന്നുവെന്ന് ഡോക്ടര്‍ വെളിപ്പെടുത്തി. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.