ക്രിക്കറ്റ് പരിശീലകന്റെ പീഡനം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടികൾ
text_fieldsതിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകൻ പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പരിശീലകൻ മനു ആറു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. ഇങ്ങനെയൊരു സംഭവം ഉണ്ടായ സാഹചര്യം കെ.സി.എ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മനുഷ്യാവകാശ കമീഷൻ നോട്ടീസ് അയച്ചത്. പോക്സോ കേസിൽ മുമ്പും പ്രതിയായ മനുവിനെ പരിശീലക സ്ഥാനത്തുനിന്നും മാറ്റാൻ കെ.സി.എ തയാറായിരുന്നില്ല. കെ.സി.എ ആസ്ഥാനത്തുള്‍പ്പെടെ പീഡനം നടന്നെന്നാണ് കണ്ടെത്തൽ.
പോക്സോ കേസിൽ പ്രതിയായി റിമാൻഡിലാണ് മനു ഇപ്പോൾ. കഴിഞ്ഞ 10 വർഷമായി കെ.സി.എയിൽ പരിശീലകനാണ് ഇയാൾ.
അറസ്റ്റിന് പിന്നാലെയാണ് മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നത്. അവസരം നിഷേധിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി മനു പീഡിപ്പിച്ചിരുന്നതായി പൊലീസിന് പെൺകുട്ടികൾ മൊഴി നൽകി. രണ്ടു വർഷം മുമ്പ് പരിശീലനത്തിനിടെ ഒരു കുട്ടിയെ മനു പീഡിപ്പിച്ചിരുന്നു. ഈ പെണ്‍കുട്ടി ഒരു മാച്ചിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഇയാളെ കാണുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവം ഈ കുട്ടി പൊലീസിനോട് പറഞ്ഞതിന് പിന്നാലെയാണ് മറ്റ് അഞ്ചു കുട്ടികള്‍ കൂടി രംഗത്ത് വന്നത്. കെ.സി.എ ആസ്ഥാനത്തെ വിശ്രമമുറിയിലും ശൗചാലയത്തിലുംവെച്ചാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചത്. തെങ്കാശിയിൽ മാച്ചിനുകൊണ്ടുപോയപ്പോഴും ഉപദ്രവിച്ചു. തലയിലേക്ക് ബാള്‍ വലിച്ചെറിഞ്ഞതായും വേദന സംഹാരിക്കു പകരം മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായും പരാതിയുണ്ട്. കുട്ടികളുടെ നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തത്രെ. പുറത്തു പറഞ്ഞാൽ അവസരം നിഷേധിക്കുമെന്നായിരുന്നു ഭീഷണി.
പിടിയിലായപ്പോഴേക്കും പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോൺ ഇയാൾ വിറ്റിരുന്നു. രണ്ടും മൂന്നു വർഷം മുമ്പ് കെ.സി.എ ആസ്ഥാനത്ത് നടന്ന ദുരനുഭവങ്ങളാണ് കുട്ടികളുടെ പരാതിയിലുള്ളത്. നാലു കേസുകളിലാണ് മനുവിനെ പൊലീസ് മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്.
മൂന്നുവർഷം മുമ്പും ഒരു കുട്ടി മനുവിനെതിരെ പരാതി നൽകിയിരുന്നു. പൊലീസ് കുറ്റപത്രം നൽകിയെങ്കിലും പരാതിക്കാരി മൊഴി മാറ്റിയതോടെ അന്ന് വെറുതെവിട്ടു. സമ്മർദത്തെ തുടർന്നാണ് ഇര മൊഴി മാറ്റിയതെന്നാണ് ഇപ്പോള്‍ പരാതി നൽകിയവർ പറയുന്നത്. കോച്ചിനെതിരെ ഇത്രയേറെ ഗുരുതര ആരോപണം ഉയർന്നിട്ടും കെ.സി.എ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. കേസിൽ പ്രതിയായിട്ടും മനുവിനെ കെ.സി.എ പുറത്താക്കിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.