ഉദ്യോഗസ്ഥർക്ക് സ്വാതന്ത്ര്യം നൽകൂ, കൊടിതോരണങ്ങൾ ഒരാഴ്ചക്കകം നീക്കാം -ഹൈകോടതി
text_fieldsകൊച്ചി: രാഷ്ട്രീയ ഇടപെടലില്ലാതെ ഉദ്യോഗസ്ഥർക്ക് സ്വാതന്ത്ര്യം നൽകിയാൽ ഒരാഴ്ചക്കകം കേരളത്തിലെ അനധികൃത കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്യാനാവുമെന്ന് ഹൈകോടതി. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാലും രാഷ്ട്രീയക്കാരുടെ ഇടപെടൽ ഭയന്ന് ഉദ്യോഗസ്ഥർ ഒന്നും ചെയ്യുന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കാൽ പരാമർശം. പൊതുവഴികളിലും പാതയോരങ്ങളിലുമുള്ള അനധികൃത കൊടിതോരണങ്ങളും ബാനറുകളും ബോർഡുകളും നീക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രാദേശിക സമിതികൾക്ക് രൂപം നൽകാനും ജില്ല തലത്തിൽ നിരീക്ഷണ സമിതികളുണ്ടാക്കാനും കോടതി നിർദേശിച്ചു.
ഏഴു ദിവസത്തിനകം സമിതികൾക്ക് രൂപം നൽകണം. പാതയോരങ്ങളിൽ കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരായ ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പൊതുവഴിയിൽ സ്ഥാപിച്ച കൊടിതോരണങ്ങളും ബോർഡുകളും നീക്കം ചെയ്യുന്നതിൽ വീഴ്ചവരുത്തിയെന്ന് വിലയിരുത്തി ആലുവ, കളമശ്ശേരി നഗരസഭ സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ കോടതി നിർദേശിച്ചിരുന്നു. സി.ഐ.ടി.യു ജില്ല സമ്മേളനത്തിന്റെയും സ്ക്രാപ്പ് ഡീലേഴ്സ് അസോസിയേഷന്റെയും കൊടികളും ബാനറുകളുമാണ് ഇരു നഗരസഭകളുടെയും പരിധിയിൽ സ്ഥാപിച്ചിരുന്നത്. ഇവ നീക്കാൻ ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് ഭയമാണെന്ന് ആലുവ നഗരസഭ സെക്രട്ടറി ഷാഫിയും കളമശ്ശേരി നഗരസഭ സെക്രട്ടറി ജയകുമാറും വിശദീകരിച്ചു. രാഷ്ട്രീയ സമ്മർദമടക്കമുള്ളതിനാലാണ് നടപടിക്ക് ഭയക്കുന്നതെന്ന് കോടതിയും വിലയിരുത്തി. കോട്ടയം നഗരസഭ സെക്രട്ടറിയായിരിക്കെ ബോർഡുകൾ നീക്കിയതിനെ തുടർന്ന് തനിക്കു നേരെ ആക്രമണം ഉണ്ടായെന്നും ഹൈകോടതി സ്വമേധയ കേസെടുത്തിരുന്നെന്നും ആലുവ നഗരസഭ സെക്രട്ടറി വിശദീകരിച്ചു. വ്യാഴാഴ്ച തന്നെ ബോർഡുകളും ബാനറുകളും കൊടികളും നീക്കുമെന്ന സെക്രട്ടറിമാരുടെ ഉറപ്പ് രേഖപ്പെടുത്തി.
അനധികൃത ബാനറുകളും കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനം കൂടുതൽ തിരുവനന്തപുരത്താണെന്നും അനധികൃത ബോർഡുകളുടെയും ബാനറുകളുടെയും തലസ്ഥാനമായി ഇവിടം മാറിയെന്നും വാദത്തിനിടെ സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. തുടർന്നാണ് ഇവ നീക്കം ചെയ്യാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രാഥമിക സമിതികളും മേൽനോട്ടത്തിന് ജില്ല സമിതികളും രൂപവത്കരിക്കാൻ കോടതി നിർദേശിച്ചത്. തദ്ദേശ സ്ഥാപന സെക്രട്ടറി, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ, ദേശീയപാത അതോറിറ്റി പ്രതിനിധി, പൊതുമരാമത്ത് എൻജിനീയർ എന്നിവരാണ് പ്രാഥമിക സമിതിയിലെ അംഗങ്ങൾ. അനധികൃത ബോർഡുകളും ബാനറുകളും കൊടി തോരണങ്ങളും നീക്കലും സ്ഥാപിച്ചവർക്കെതിരെ കേസെടുക്കലുമാണ് ചുമതല. അനധികൃതബോർഡും ബാനറുകളും സ്ഥാപിക്കുന്ന പരസ്യ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുകയും വ്യക്തികൾക്കെതിരെ കേസെടുക്കുകയും വേണം.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജില്ല ജോയന്റ് ഡയറക്ടർ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ, ജില്ല പൊലീസ് മേധാവി, ദേശീയപാത അതോറിറ്റി പ്രോജക്ട് എൻജിനീയർ എന്നിവരാണ് ജില്ലതല സമിതി അംഗങ്ങൾ. അനധികൃത കൊടിതോരണങ്ങളും ബാനറുകളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ പ്രാദേശിക സമിതി ജില്ലതല സമിതിക്ക് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. എന്നാൽ, നിലവിൽ കണ്ടെത്തിയ അനധികൃത കൊടിതോരണങ്ങളും ബാനറുകളും മറ്റും നീക്കാൻ സമിതിയുണ്ടാകും വരെ കാത്തു നിൽക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജികൾ വീണ്ടും നവംബർ 15ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.