ജി.കെ. പിള്ള: അടിയുറച്ച കോൺഗ്രസുകാരൻ, വാക്കുകളിൽ ചാട്ടുളി വീശിയ പ്രഭാഷകൻ
text_fieldsവർക്കല: മലയാള സിനിമയിലെ കാരണവരായി തിളങ്ങിനിന്ന തിരക്കിലും അടിയുറച്ച കോൺഗ്രസുകാരനായിരുന്നു ജി.കെ. പിള്ള. തിരക്കേറിയ നടനായി കലാപ്രവർത്തനം തുടരുമ്പോഴും സാംസ്കാരികരംഗത്ത് സജീവമായിരുന്നു.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേരളത്തിലാകമാനം ഓടിനടന്ന് യു.ഡി.എഫ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്താൻ മുൻപന്തിയിൽനിന്ന അദ്ദേഹം ദീർഘകാലം എക്സ് സർവിസ്മെൻ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്നു. ഇടക്ക് കോൺഗ്രസിലെ അവഗണനയിൽ അതൃപ്തി പരസ്യമായി പറഞ്ഞ് പിന്മാറിയെങ്കിലും മാസങ്ങൾക്കുശേഷം വീണ്ടും പാർട്ടിയിൽ തിരിച്ചെത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർഥികൾക്കായി സജീവ പ്രചാരണ രംഗത്തുണ്ടായിരുന്നു. എങ്കിലും ചലച്ചിത്ര സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് യു.ഡി.എഫ് സർക്കാർ ഒരിക്കലും തന്നെ പരിഗണിക്കാതിരുന്നതിലെ അതൃപ്തി ജി.കെ. പിള്ള ഒരിക്കലും അടക്കിവെച്ചിരുന്നില്ല.
ഉന്നത നേതാക്കളുള്ള പരസ്യ വേദികളിൽപോലും അദ്ദേഹം അതൃപ്തി പരസ്യമാക്കിയിരുന്നു. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരിക്കുമ്പോഴും ഇതര രാഷ്ട്രീയ നേതാക്കളോടും സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചു. 325ഓളം സിനിമയിൽ അഭിനയിച്ചതിൽ ബഹുഭൂരിപക്ഷവും വില്ലൻ വേഷങ്ങളായിരുന്നു. സർക്കാർ അവാർഡൊന്നും ലഭിച്ചില്ലെങ്കിലും നൂറിലധികം സമാന്തര സാംസ്കാരിക സംഘടനകളുടെ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
വർക്കല മേഖലയിലെ സാംസ്കാരിക സംഘടനകളുമായെല്ലാം കാരണവരുടെ സവിശേഷ സ്നേഹാധികാരത്തോടെ ഇടപെട്ട് പ്രവർത്തിക്കുകയും സാംസ്കാരിക പ്രഭാഷണങ്ങളിൽ സജീവമായി നിൽക്കുകയും ചെയ്തിരുന്നു. വെള്ളിത്തിരയിലെ ചാട്ടുളി ഡയലോഗ് പോലെത്തന്നെയായിരുന്നു സാംസ്കാരിക പ്രഭാഷണങ്ങളിലും ജി.കെ. പിള്ളയുടെ ശൈലി. ഒരിക്കൽ പരിചയപ്പെടുന്ന ആരെയും പ്രത്യേകിച്ച് കല, സാംസ്കാരിക പ്രവർത്തകരെ മറക്കാത്ത സ്നേഹസൗഹൃദങ്ങളുടെ ഉടമയുമായിരുന്നു ജി.കെ. പിള്ള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.