കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ തൂണിൽ തട്ടി വീണ്ടും ബസിന്റെ ചില്ല് പൊട്ടി
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ട്രാക്കിലെ തൂണിൽ തട്ടി എ.സി ബസിന്റെ ചില്ല് തകർന്നു. ശനിയാഴ്ച രാവിലെയാണ് സ്വിഫ്റ്റ് ബസിന്റെ സൈഡ് ഗാസ് തകർന്നത്.
ഇടുങ്ങിയ ട്രാക്കിലേക്ക് ബസ് കയറ്റുന്നതിനിടെ തൂണിൽ ബോഡിയും ലൈറ്റുമെല്ലാം തട്ടി തകരുന്നത് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തതു മുതൽ സ്ഥിരമാണ്. ബസ് ടെർമിനലിൽ കുടുസ്സായി പണിത തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ് 15 മണിക്കൂറോളം മുമ്പ് കുടുങ്ങിക്കിടന്നത് വലിയ വാർത്തയായിരുന്നു. ബാംഗളൂരുവിൽ നിന്ന് ഓട്ടം പൂർത്തിയാക്കി സ്റ്റാൻഡിലെത്തി നിർത്തിയിട്ട ബസ് തൂണുകൾക്കിടയിൽ നിന്ന് പുറത്തെടുക്കാനാവാതെ അകപ്പെടുകയായിരുന്നു.
ഏറെ ചെലവിൽ നിർമിച്ച ബസ് സ്റ്റാൻഡ് ടെർമിനലിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും പരാതിയാണ്. മഴ പെയ്താൽ സ്റ്റാൻഡിനുള്ളിൽ വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യവും നിലവിലുണ്ട്.
അതേസമയം, കാറ്റും വെളിച്ചവും കടക്കാതെ യാത്രക്കാർ വിങ്ങിപ്പുകയുന്ന സ്റ്റാൻഡിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ എ.സി ലോഞ്ച് ഒരുങ്ങുന്നുണ്ട്. പണമടച്ച് ഉപയോഗിക്കാവുന്ന ശീതീകരിച്ച വിശ്രമ മുറിയാണ് ഒരുങ്ങുന്നത്. ബസ് സ്റ്റാൻഡിൽ ടിക്കറ്റ് റിസർവേഷൻ അന്വേഷണ കൗണ്ടറിനോട് ചേർന്നാണ് എ.സി വിശ്രമ മുറി സജ്ജീകരിക്കുന്നത്. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സിയുടെ വാടകക്ക് നൽകുന്ന എ.സി ഇരിപ്പിടങ്ങൾ ഒരുക്കുന്നത്.
480 സ്ക്വയർ ഫീറ്റ് വീതിയിലാണ് ലോഞ്ച് ഒരുങ്ങുക. 36 സീറ്റിൽ കുടുംബത്തിനും വനിതകൾക്കും ഇരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്. വനിതകൾക്ക് മാത്രമായി ഒമ്പത് സീറ്റും കുടുംബമായി എത്തുന്നവർക്ക് ഇരിക്കാൻ 27 സീറ്റും. വനിതകളുടെ സീറ്റിനോട് ചേർന്ന് മുലയൂട്ടൽ റൂമും സജ്ജീകരിക്കും. ഉദ്ഘാടനം കഴിഞ്ഞശേഷം ആവശ്യത്തിന് അനുസരിച്ച് സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.