ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റ് നൊബേല്‍ ജേതാവും നാസ ശാസ്ത്രജ്ഞരും കേരളത്തിൽ
text_fieldsതിരുവനന്തപുരം: ഈ മാസം 15 മുതല്‍ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ലോകപ്രശസ്തരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകും. രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് പ്രഫ. മോര്‍ട്ടണ്‍ പി. മെല്‍ഡല്‍ അടക്കമുള്ള വിദഗ്ധരാണ് എത്തുന്നത്. ഫെബ്രുവരി ഏഴിന് രാവിലെ 11ന് സംഘടിപ്പിക്കുന്ന പബ്ലിക് ടോക്കിലാണ് മോര്‍ട്ടണ്‍ പി. മെല്‍ഡല്‍ സംസാരിക്കുന്നത്. ജനുവരി 16ന് വൈകീട്ട് അഞ്ചിന് സംഘടിപ്പിക്കുന്ന ഡി. കൃഷ്ണവാര്യര്‍ മെമ്മോറിയല്‍ ലെക്ചറില് നാസയില്‍ നിന്നുള്ള ആസ്ട്രോഫിസിസിസ്റ്റ് ഡോ. മധുലിക ഗുഹാത്തകുര്‍ത്ത സംസാരിക്കും. നാസയുടെ ഹീലിയോഫിസിക്സ് സയന്‍സ് ഡിവിഷനിലെ സയന്റിസ്റ്റാണ് ഡോ. മധുലിക ഗുഹാത്തകുര്‍ത്ത. നാസയുടെ കമ്യൂണിക്കേഷന്‍ ആന്‍ഡ് ഔട്ട്റീച് വിഭാഗം മേധാവി ഡെനീസ് ഹില്‍ പങ്കെടുക്കുന്ന ഏകദിന വര്‍ക്ഷോപ് ഫെബ്രുവരി 13ന് സംഘടിപ്പിക്കുന്നു. നാസയില്‍നിന്നുള്ള ശാസ്ത്രജ്ഞരുമായി സംവാദവും സംഘടിപ്പിക്കും.
ജനുവരി 17ന് രാവിലെ സംഘടിപ്പിക്കുന്ന പബ്ലിക് ലെക്ചറില് മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂനിവേഴ്സിറ്റിയിലെ പ്രഫ. റോബര്‍ട്ട് പോട്സ് പങ്കെടുക്കും. ജനുവരി 18ന് വൈകീട്ട് അഞ്ചിന് നടക്കുന്ന പബ്ലിക് ടോക്കില്‍ കനിമൊഴി കരുണാനിധി എം.പി സംസാരിക്കും. ലഫ്ബെറാ യൂനിവേഴ്സിറ്റിയിലെ ക്രിയേറ്റിവ് ആര്‍ട്ട് വിഭാഗം മേധാവി പ്രഫ. മൈക്കല്‍ വില്‍സണ്‍ ജനുവരി 22ന് വൈകീട്ട് അഞ്ചിനു നടക്കുന്ന പബ്ലിക് ടോക്കില്‍ സംസാരിക്കും. മാഗ്സസേ അവാര്‍ഡ് ജേതാവ് ഡോ. രാജേന്ദ്ര സിങ്, ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ മാലിനി വി. ശങ്കര്‍ തുടങ്ങി നിരവധി പ്രമുഖരുടെ പ്രഭാഷണങ്ങള്‍ വിവിധ ദിവസങ്ങളിലായി ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.