‘സുൽത്താൻ ബത്തേരി’യിലേക്ക് തിരൂർ വഴി കെ.എസ്.ആർ.ടി.സിയിൽ പോകാം; സമയവിവരം പുറത്തുവിട്ട് അധികൃതർ
text_fieldsതിരൂർ: വയനാട് മണ്ഡലത്തിൽ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ സുൽത്താൻ ബത്തേരിയിലേക്ക് തിരൂർ വഴിയുള്ള ബസുകളുടെ വിവരങ്ങൾ പുറത്തുവിട്ട് തിരൂർ കെ.എസ്.ആർ.ടി.സി.
‘തിരൂർ വഴിയുള്ള സുൽത്താൻ ബത്തേരി ബസുകളുടെ സമയവിവരങ്ങൾ’ എന്ന പോസ്റ്റർ സഹിതമാണ് ഫേസ്ബുക്കിലൂടെ ബസുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ബസുകൾ തിരൂരിലെത്തുന്ന സമയമാണ് കുറിപ്പിൽ നൽകിയിരിക്കുന്നത്. ഇതിന് താഴെ ഗണപതി വട്ടത്തേക്ക് ബസുണ്ടോയെന്ന ചോദ്യവുമായി കമന്റുകളെത്തിയിട്ടുണ്ട്. സുരേന്ദ്രൻ ജിയുടെ ഗണപതി വട്ടത്തേക്കെന്ന് തിരുത്താൻ ഉപദേശവുമുണ്ട്.
സുൽത്താൻ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ട്രോളുകൾ വന്നിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളും സുരേന്ദ്രനെതിരെ രംഗത്തുവന്നു. ടിപ്പു സുല്‍ത്താൻ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേയെന്നും കോണ്‍ഗ്രസിനും എൽ.ഡി.എഫിനും അതിനെ സുല്‍ത്താൻ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യമെന്നും അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്നുമായിരുന്നു സുരേന്ദ്രന്റെ ചോദ്യം.
സുൽത്താൻ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കിയാൽ പാവപ്പെട്ടവന്റെ വയറ് നിറയുമോയെന്ന ചോദ്യവുമായി പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ. എൻ കുറുപ്പും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
‘ഇന്ത്യയിൽ ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥി, സുൽത്താൻ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കി മാറ്റുമെന്ന് പറയുകയാണ്. അങ്ങനെ ചെയ്താൻ പാവപ്പെട്ട വയറ് നിറയുമോ?, ആദിവാസികളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ? വന്യജീവി ഭീഷണി ഇല്ലാതാകുമോ?. ജീവൽ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ഇത്തരം വിവാദ പ്രസ്താവനകൾ പുറത്തുവിടുന്നത്’ -എന്നിങ്ങനെയായിരുന്നു കെ.കെ.എൻ കുറുപ്പിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.