കോളജ് വിനോദയാത്രക്കിടെ ഗോവൻ മദ്യം കടത്തി: പ്രിൻസിപ്പൽ അടക്കം നാലുപേർ അറസ്റ്റിൽ
text_fieldsകൊച്ചി: കോളജില്‍നിന്നു വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ ഗോവയിൽനിന്ന് അനധികൃതമായി മദ്യം കടത്തിയതിന് കൊല്ലത്തെ ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്‌റ്റിറ്റ്യൂട്ട് പ്രിൻസിപ്പലടക്കം നാലുപേർ കൊച്ചിയില്‍ അറസ്റ്റില്‍. പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ ബാഗുകളില്‍ നിന്നാണ് 50 കുപ്പികളിലായി 32 ലിറ്റര്‍ മദ്യം കണ്ടെടുത്തത്.
ഗോവയില്‍നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസില്‍നിന്നാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യം എക്സൈസ് സംഘം പിടികൂടിയത്. ഡി.എൽ.എഡ് വിദ്യാർഥികളായ 33 പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പാലാരിവട്ടത്തുവച്ചാണ് എക്സൈസ് സംഘം ബസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത്.
ബസിന്‍റെ ലഗേജ് അറയിലെ ബാഗുകളില്‍നിന്നാണ് മദ്യം പിടികൂടിയത്. പ്രിന്‍സിപ്പല്‍, ബസ് ജീവനക്കാര്‍, ടൂര്‍ ഓപ്പറേറ്റര്‍ എന്നിവര്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. എറണാകുളം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.