റബർ വെട്ട് തൊഴിലാളി 'സിദ്ധനാ'യി; കുട്ടികളില്ലാത്തവർക്ക് കുട്ടികൾ, രോഗികൾക്ക് രോഗമുക്തി... തട്ടിപ്പിനിരയായത് നിരവധി വിശ്വാസികൾ
text_fieldsപേരാമ്പ്ര: അറസ്റ്റിലായ വ്യാജ സിദ്ധൻ കായണ്ണ മാട്ടനോട് രവിയെ (52) സംബന്ധിച്ച് ഉയരുന്നത് നിരവധി പരാതികൾ. മകനെ ഉപേക്ഷിക്കാൻ കാമുകിയെ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്ത രവി സ്വന്തം ക്ഷേത്രത്തിന്റെ മറവിൽ സ്ത്രീകൾ ഉൾപ്പടെ നിരവധി പേരെ ചൂഷണം ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു.
റബർ വെട്ട് തൊഴിലാളിയിൽനിന്ന് സിദ്ധനിലേക്കുള്ള രവിയുടെ വളർച്ച അതിവേഗമായിരുന്നു. റബർവെട്ടിനുശേഷം ചെങ്കൽ ക്വാറിയിലും ഇയാൾ ജോലി നോക്കി. പിന്നീട് മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിലായി. ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ കൂത്താളി മൂരികുത്തിയിലെ ആൾദൈവത്തിന്റെ അടുത്തെത്തി. അവരുടെ കൂടെ നിന്ന് ചില 'കാര്യങ്ങൾ' പഠിച്ചു. 2008 കാലത്ത് വീട്ടുവളപ്പിൽ ക്ഷേത്രം പണിത് വിശ്വാസികളെ സ്വീകരിക്കാൻ തുടങ്ങി. ആദ്യം നാട്ടുകാരെല്ലാം ക്ഷേത്രവും ഉത്സവവുമായെല്ലാം സഹകരിച്ചിരുന്നെങ്കിലും ചില കാര്യങ്ങൾ മനസ്സിലായതോടെ അവർ ക്ഷേത്രകമ്മിറ്റിയിൽനിന്നും മറ്റും പിന്മാറി.
എന്നാൽ, മറ്റു സ്ഥലങ്ങളിലുള്ളവരെ ഉപയോഗപ്പെടുത്തി ഇയാൾ 'ഇര പിടിക്കാൻ' തുടങ്ങി. ആളുകളെ എത്തിക്കാൻ പല സ്ഥലത്തും ഇയാൾക്ക് ഏജന്റുമാർ പ്രവർത്തിച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു സിദ്ധൻ വിശ്വാസികൾക്ക് ദർശനം കൊടുത്തിരുന്നത്. ആദ്യ കാലത്ത് ഒരാൾ അഞ്ച് തേങ്ങയായിരുന്നു കാണിക്കയായി കൊണ്ടുവരാൻ നിർദേശമുണ്ടായിരുന്നത്.
ജനത്തിരക്ക് കൂടിയതോടെ സിദ്ധന്റെ ദർശനം ആഴ്ചയിൽ മൂന്നു ദിവസമായി. ക്ഷേത്രത്തിൽ ഇയാൾ അമ്മ എന്നാണ് അറിയപ്പെട്ടത്. അമ്മയെ കാണാൻ ഭക്തർ 200 രൂപ ഓഫിസിൽ അടച്ച് കിറ്റ് വാങ്ങണം. കൂടാതെ 'അമ്മ'യുടെ അടുത്തുള്ള താലത്തിൽ 50 രൂപയിൽ കുറയാതെ വെക്കുകയും ചെയ്യണം.
കുട്ടികൾ ഉണ്ടാകാത്തവർ, രോഗങ്ങളുള്ളവർ, വിവാഹം ശരിയാകാത്തവർ... ഇങ്ങനെ നിരവധി പ്രശ്നങ്ങളുള്ളവരെയാണ് ഇയാൾ ഇരകളാക്കുന്നത്.
ദുരിതങ്ങൾ ഒന്നൊഴിയാതെ വേട്ടയാടിയപ്പോഴാണ് പേരാമ്പ്ര സ്വദേശി ഇയാളുടെ അടുത്തെത്തിയത്. സിദ്ധൻ പറഞ്ഞത് നിങ്ങൾ താമസിക്കുന്ന സ്ഥലമാണ് പ്രശ്നം, അതുകൊണ്ട് കിട്ടുന്ന വിലക്ക് അത് വിറ്റ് താമസം മാറണമെന്നാണ്. പിറ്റേദിവസംതന്നെ ഉടമ സ്ഥലം വിൽക്കാനുള്ള നടപടി തുടങ്ങി. അങ്ങനെ വളരെ പെട്ടെന്നുതന്നെ വില കുറച്ച് സ്ഥലം വിറ്റു. സിദ്ധന്റെ ബിനാമിയാണ് ചുളുവിലക്ക് സ്ഥലം വാങ്ങിയതെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.
മക്കളുടെ രോഗശമനത്തിനായി മഞ്ചേരി സ്വദേശിയെക്കൊണ്ട് 20,000 രൂപ ചെലവുവരുന്ന രണ്ടു ഹോമങ്ങൾ നടത്തിച്ച് കബളിപ്പിച്ചതായും പരാതിയുണ്ട്. ക്ഷേത്രത്തിൽ വർഷത്തിൽ നടക്കുന്ന ഉത്സവത്തിന് അറിയപ്പെടുന്ന സിനിമാതാരങ്ങളെയടക്കം പങ്കെടുപ്പിക്കാറുണ്ട്. ഒരു തവണ കവിയൂർ പൊന്നമ്മയും മറ്റൊരു തവണ ഗിന്നസ് പക്രുവുമാണ് എത്തിയത്. ചുരുങ്ങിയ വർഷങ്ങൾകൊണ്ട് വലിയ വീട് നിർമിക്കുകയും നിരവധി സ്ഥലങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രവും വികസിപ്പിക്കുന്നുണ്ട്.
റബർ വെട്ട് തൊഴിലാളി 'സിദ്ധനാ'യി; കുട്ടികളില്ലാത്തവർക്ക് കുട്ടികൾ, രോഗികൾക്ക് രോഗമുക്തി... തട്ടിപ്പിനിരയായത് നിരവധി വിശ്വാസികൾ
പേരാമ്പ്ര : ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായ കായണ്ണ മാട്ടനോട് സിദ്ധന്റെ വീട്ടിലേക്ക് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി മാർച്ച് നടത്തി. ചാരുപറമ്പിൽ രവിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ച് ഗ്രാമപഞ്ചായത്തംഗം ജയപ്രകാശ് കായണ്ണ ഉദ്ഘാടനം ചെയ്തു. ഇത്തരം വ്യാജകേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കെ.കെ. ശിവദാസൻ അധ്യക്ഷതവഹിച്ചു. കെ. രാജേഷ്, എൻ. ചോയി, കെ.പി. സത്യൻ, സി.ടി. ഷിബു, പി.പി. സുരേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.