ഗോദ്സെയെ പുകഴ്ത്തൽ; നടപടിയെടുക്കാതെ എൻ.ഐ.ടി
text_fieldsചാത്തമംഗലം: സമൂഹമാധ്യമത്തിൽ ഗാന്ധി ഘാതകൻ ഗോദ്സെയെ പുകഴ്ത്തി കമന്റിട്ട പ്രഫസർക്കെതിരെ ഒരാഴ്ച പിന്നിട്ടിട്ടും നടപടിയെടുക്കാതെ എൻ.ഐ.ടി അധികൃതർ. പ്രതിഷേധം താനെ കെട്ടടങ്ങുമെന്നും അതുവരെ മൗനം പാലിക്കുകയാണ് ഉചിതമെന്നുമാണത്രെ ഉന്നത മേധാവികളുടെ നിലപാട്. പ്രഫസർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും മേധാവികളെ വഴിയിൽ തടയുന്നതടക്കമുള്ള സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും വിവിധ രാഷ്ട്രീയ, യുവജന സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, പൊലീസും പ്രഫസർക്കെതിരായ നടപടികൾ മന്ദഗതിയിലാക്കിയിട്ടുണ്ട്. എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യംകിട്ടാവുന്ന വകുപ്പ് ചേർത്താണ് കേസെടുത്തിട്ടുള്ളത്. സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും തുടർനടപടികൾ എടുത്തിട്ടില്ല. അതേസമയം, സമൂഹമാധ്യമത്തിലെ കമന്റ് വിവാദമായശേഷം പ്രഫസർ ഷൈജ ആണ്ടവൻ സ്ഥാപനത്തിൽ ഹാജരായിട്ടില്ല. വ്യാഴാഴ്ച വരെ ഒരാഴ്ച അവധി വാങ്ങിയിരുന്നു. പ്രഫസർ വെള്ളിയാഴ്ച മുതൽ വീണ്ടും അവധി നീട്ടിവാങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.