കളി കാണാൻ ഗോകുലം വിളിക്കുന്നു
text_fieldsകോഴിക്കോട്: കിരീടംചൂടി ഐ.എസ്.എൽ പ്രവേശനം എന്ന ലക്ഷ്യവുമായി ഗോകുലം കേരള എഫ്.സി ഐ ലീഗ് 2023-24 സീസണിന് സജ്ജമായി. പരിചയസമ്പത്തും യുവത്വവും സമാസമം സമ്മേളിക്കുന്ന ടീമിനെ സ്പാനിഷ് താരം അലക്സ് സാഞ്ചസ് നയിക്കും. 25 അംഗ ടീമിൽ 11 മലയാളി താരങ്ങളാണുള്ളത്. അഞ്ചു വിദേശ താരങ്ങളും ടീമിലുണ്ട്. മുന്‍ ഇന്ത്യൻ താരം അനസ് എടത്തൊടിക ഒന്നരവര്‍ഷത്തെ ഇടവേളക്കുശേഷം ഗോകുലത്തിലൂടെ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയതും ടീമിന് ആവേശം പകരും.
സ്പെയിനില്‍നിന്നുള്ള ഡൊമിംഗോ ഒറാമസിന്റെ പരിശീലനത്തിൽ ഡ്യൂറൻഡ് കപ്പിലെ മികച്ച പ്രകടനം ഐ ലീഗിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം. മലയാളി താരം വി.എസ്. ശ്രീക്കുട്ടനാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. കാമറൂൺ താരം അമിനോ ബൗബക്കൊപ്പം പരിചയസമ്പന്നരായ സ്പാനിഷ് താരങ്ങളെയും ഉൾക്കൊള്ളിച്ച് മികച്ച സംഘത്തെയാണ് മലബാറിയൻസ് അണിനിരത്തുന്നത്.
ഈ മാസം 28ന് സ്വന്തം തട്ടകമായ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഐലീഗ് പുതുമുഖങ്ങളായ ഇന്റർ കാശിയാണ് എതിരാളികള്‍. മത്സരം രാത്രി ഏഴിന് നടക്കും. ഇത്തവണ ഐ ലീഗ് ഹോം മത്സരങ്ങളെല്ലാം രാത്രി ഫ്ലഡ്ലിറ്റിന് കീഴിലാണ്. കൂടുതല്‍ വനിത ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കുന്നതിന്റെ ഭാഗമായി ഗോകുലത്തിന്റെ മത്സരം വീക്ഷിക്കാന്‍ ഇവർക്ക് പ്രവേശനം സൗജന്യമാണ്. കോളജ്-സ്കൂള്‍ വിദ്യാർഥികള്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവുണ്ടാകും.
കോഴിക്കോട്ട് നടന്ന ചടങ്ങില്‍ പുതിയ സീസണിലേക്കുള്ള ഹോം-എവേ ജഴ്സി പ്രകാശനം ചെയ്തു. ഗോകുലം കേരള എഫ്.സി ചെയര്മാന് ഗോകുലം ഗോപാലനാണ് ജഴ്സി അവതരിപ്പിച്ചത്. വൈസ് ചെയര്മാന് വി.സി. പ്രവീണ്‍, സി.ഇ.ഒ ബി. അശോക് കുമാര്‍, കെ.ഡി.എഫ്.എ സെക്രട്ടറി ഷാജേഷ് കുമാര്‍, കെ.ആര്.എസ് എം.ഡി എം.കെ. സിറാജ്, കോര്പറേഷന് കായിക സ്ഥിരം സമിതി ചെയർപേഴ്സൻ സി. രേഖ എന്നിവർ പങ്കെടുത്തു.
ടിക്കറ്റ് നിരക്ക്: ഗാലറി: 100 രൂപ, നോര്‍ത്ത്-സൗത്ത് ഗ്യാലറി 75 രൂപ, വിദ്യാര്‍ഥികള്‍: 50 രൂപ, വി.ഐ.പി: 200 രൂപ, സീസൺ ടിക്കറ്റ്: 1000, സീസണ് ടിക്കറ്റ് (വി.ഐ.പി): 2000. ടിക്കറ്റുകള്‍ കോര്പറേഷന് സ്റ്റേഡിയത്തിലെ ഗോകുലം കേരള എഫ്.സി ഓഫിസിലും ഗോകുലം മാളിലെ ജി.കെ.എഫ്.സി മര്‍ച്ചൻഡൈസ് ഷോപ്പിലും ഗോകുലം ചിട്ടി ഫണ്ട് ഓഫിസുകളിലും ലഭ്യമാവും.
ഗോകുലം ടീം
ഗോള്‍കീപ്പര്‍മാര്‍: അവിലാഷ് പോള്‍, ബിഷോര്‍ജിത് സിങ്, ദേവാന്‍ഷ് ദബാസ്.പ്രതിരോധം: അമിനോ ബൗബ (കാമറൂണ്‍), അഖില്‍ പ്രവീണ്‍, സലാം രഞ്ജന്‍, അബ്ദുല്‍ ഹക്കു, അനസ് എടത്തൊടിക, വികാസ് സൈനി, നിധിന് കൃഷ്ണ, മുഹമ്മദ് ഷഹീഫ്, രാഹുല്‍ ഖൊഖര്, ജോണ്സണ് സിങ്. മധ്യനിര: എഡു ബേഡിയ (സ്പെയിന്), ബാസിത് അഹമ്മദ്, പി.പി. റിഷാദ്, ക്രിസ്റ്റി ഡേവിസ്, കെ. അഭിജിത്ത്, നിലി പെര്‍ഡോമ (സ്പെയിന്), കൊമ്രോണ്‍ തുര്‍സുനോവ് (തജികിസ്താന്‍), വി.എസ്. ശ്രീക്കുട്ടന്, പി.എന്‍. നൗഫല്‍, അസ്ഫര്‍ നൂറാനി, എസ്. സെന്തമില്‍. മുന്നേറ്റനിര: സൗരവ്, ടി. ഷിജിന്, അലക്സ് സാഞ്ചസ് (സ്പെയിന്), ജസ്റ്റിന് ഇമ്മാനുവല്‍ (നൈജീരിയ).
ആവേശമായി സാഞ്ചസും അനസും
ഗോകുലം ഗോൾവേട്ടക്ക് ഇറങ്ങുമ്പോൾ ടീമംഗങ്ങൾക്കും ആരാധകർക്കും ആവേശമായി സ്പാനിഷ്താരം അലക്സ് സാഞ്ചസ്. പ്രഫഷനൽ ഫുട്ബാൾ ലീഗ് മത്സരത്തിൽ ഒരു ഇന്ത്യൻ ടീമിന്റെ നായകത്വം ഏറ്റെടുക്കുന്ന ആദ്യത്തെ ഭിന്നശേഷിക്കാരനായ കളിക്കാരനാവും അലക്സ് സാഞ്ചസ്. വലതുകൈപ്പത്തിയില്ലാതെയായിരുന്നു ജനനം. വിധിയെ പഴിക്കാതെ കുഞ്ഞുന്നാളിലെ കളിച്ചുവളർന്ന അലക്സിന്റെ അരങ്ങേറ്റം സരഗോസ ക്ലബിലൂടെയായിരുന്നു. പ്രതിരോധക്കോട്ട തീർക്കാൻ അനസ് എടത്തൊടികയും എത്തുന്നതോടെ കോർപറേഷൻ ഫ്ലഡ്ലിറ്റ് സ്റ്റേഡിയം ഫുട്ബാൾ ആരാധകരെക്കൊണ്ട് നിറയുമെന്ന് പ്രതീക്ഷയിലാണ് സംഘാടകരും. ഒരു കളിക്കാരൻ എന്ന നിലയിൽ തന്നെ താനാക്കി വളർത്തിയ ഇടം എന്ന നിലയിൽ കൂടിയാണ് ഐ ലീഗിലേക്ക് തിരിച്ചുവരുന്നതെന്ന് അനസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.