ധൈര്യമുണ്ടെങ്കിൽ വെള്ളാപ്പള്ളി ജനാധിപത്യ തെരഞ്ഞെടുപ്പ് നേരിടട്ടെ -ഗോകുലം ഗോപാലൻ
text_fieldsതിരുവനന്തപുരം: കേരളത്തിലെ 30 ലക്ഷത്തിലധികം വരുന്ന സമുദായാംഗങ്ങൾക്കും വോട്ടവകാശം ലഭിച്ചാൽ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് മൂലമാണ് ജനാധിപത്യ തെരഞ്ഞെടുപ്പിനെ വെള്ളാപ്പള്ളി നടേശൻ എതിർക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം സംയുക്ത സമരസമിതി ചെയർമാൻ ഗോകുലം ഗോപാലൻ.
വെള്ളാപ്പള്ളി നടേശന് ധൈര്യവും അന്തസ്സുമുണ്ടെങ്കിൽ ജനാധിപത്യ തെരഞ്ഞെടുപ്പിന് വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. അയോഗ്യരായിത്തീർന്ന എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ നീക്കം ചെയ്യുക, എല്ലാ യോഗാംഗങ്ങൾക്കും വോട്ടവകാശം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമര സമിതി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അൽപമെങ്കിലും നാണമുള്ള ആളായിരുന്നെങ്കിൽ രാജിവെച്ച് നാടുവിടുമായിരുന്നു. എസ്.എൻ ട്രസ്റ്റിൽ നിന്ന് മാത്രം നടേശനും കുടുംബവും മോഷ്ടിച്ചത് ശതകോടികളാണെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ സഹോദര സംഘം സംസ്ഥാന പ്രസിഡന്റ് പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ സഹോദര ധർമവേദി ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ്, എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റും ശ്രീനാരായണ സഹോദര ധർമവേദി വർക്കിങ് ചെയർമാനുമായ സി.കെ. വിദ്യാസാഗർ, കിളിമാനൂർ ചന്ദ്രബാബു, ബിജു രമേശ്, രാജ് കുമാർ ഉണ്ണി, അജന്തകുമാർ, സന്തോഷ് കുമാർ, ഡോ. സുശീല, വി.പി. രാജൻ, തളിപ്പറമ്പ് ദാസൻ, മുൻ എം.എൽ.എ ടി. ശരത്ചന്ദ്ര പ്രസാദ്, വക്കം അജിത്ത് എന്നിവർ സംസാരിച്ചു. പാളയം ആശാൻ സ്ക്വയറിൽ നിന്നാരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.