ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടി; യുവാവ് അറസ്റ്റില്‍
text_fieldsചങ്ങനാശ്ശേരി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയില്‍നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത സംഘത്തില്‍പെട്ട യുവാവിനെ ചങ്ങനാശ്ശേരി പൊലീസ് പിടികൂടി.
കാവാലം കട്ടക്കുഴിച്ചിറ ജോസ്ബിനാണ്(19) അറസ്റ്റിലായത്. നഗരത്തിലെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കബളിപ്പിച്ചാണ് അഞ്ചര പവനോളം ആഭരണങ്ങള്‍ അപഹരിച്ചത്. 2020 ജൂണ്‍ മുതല്‍ പെണ്‍കുട്ടിയുമായി സമൂഹ മാധ്യമംവഴി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ച ജോസ്ബിന്‍ ആദ്യം രണ്ടു ഗ്രാമുള്ള കമ്മലും തുടര്‍ന്ന് പാദസരം, മാല തുടങ്ങി അഞ്ചര പവനോളം ആഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു.
രാത്രികളില്‍ വീടിനുമുന്നില്‍ ബൈക്കുകള്‍ വന്നുനില്ക്കുന്നത് ശ്രദ്ധയില്‍പെട്ട് സംശയം തോന്നിയ രക്ഷിതാവ് വിദ്യാര്‍ഥിനിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പ്രതിയുമായുള്ള ബന്ധം കണ്ടുപിടിച്ചത്.
തുടര്‍ന്ന് രക്ഷിതാവ് നല്കിയ പരാതിയില്‍ പോക്സോ നിയമപ്രകാരം യുവാവിനെ ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആഭരണങ്ങള്‍ ആലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് പൊലീസ് കണ്ടെടുത്തു.
അറസ്റ്റിലായ യുവാവിനെ കൂടാതെ നിരവധി പേര് സംഘത്തിലുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലുള്ളവരും കൃത്യത്തില്‍ ഭാഗമായിട്ടുണ്ടെന്നും അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.
ലഹരി മരുന്നുള്‍പ്പെടെയുള്ളവ സ്കൂള്‍ കുട്ടികള്‍ക്ക് നല്കി വരുതിയിലാക്കുന്നതായും സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ചങ്ങനാശ്ശേരി സ്റ്റേഷന് ഹൗസ് ഓഫിസര്‍ ആസാദ് അബുൽ കലാമിെൻറ നേതൃത്വത്തില്‍ ക്രൈം എസ്.ഐ രമേശന്, ആൻറണി മൈക്കിള്‍, പി.കെ. അജേഷ് കുമാര്‍, ജീമോന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.