കൊലക്കേസിൽ വീട്ടുകാർ ജയിലിൽ; പൂട്ടിയിട്ട വീട്ടിൽനിന്ന് 10 പവനും പണവും മോഷണം പോയി
text_fieldsമണ്ണഞ്ചേരി: കൊലപാതക കേസിൽ വീട്ടുകാരെല്ലാം റിമാൻഡിലായതോടെ പൊലീസ് നിരീക്ഷണത്തിലുള്ള വീട്ടിൽനിന്ന് 10 പവൻ സ്വർണവും 10,000 രൂപയും മോഷണം പോയതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് പട്ടാട്ടുചിറയിൽ ലോകേശന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഇതേക്കുറിച്ച് പൊലീസുമായി ബന്ധപ്പെട്ടപ്പോൾ, പരാതിയുമായി വന്നാൽ മറ്റ് രണ്ട് മക്കളെ കൂടി പ്രതിയാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
അയൽവാസി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിലാണ് ലോകേശനും ഭാര്യ അജിതകുമാരിയും മകൾ അരുന്ധതിയും റിമാൻഡിലായി ജയിലിൽ കഴിയുന്നത്. കഴിഞ്ഞ 21നായിരുന്നു കൊലപാതകം. തുടർന്ന് മണ്ണഞ്ചേരി പൊലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
വീട്ടിൽ ആരുമില്ലാത്തതിനാൽ ലോകേശന്‍റെ സഹോദരൻ സതീശനാണ് വീടിന്‍റെ താക്കോൽ സൂക്ഷിച്ചിരുന്നത്. പിന്നീട് പൊലീസെത്തി താക്കോൽ വാങ്ങിക്കൊണ്ടുപോയതായി സതീശൻ പറയുന്നു. കഴിഞ്ഞ ദിവസം പ്രതികളെ ഇവരുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് അലമാരയിൽനിന്നു പണവും സ്വർണവും രേഖകളും മോഷ്ടിച്ചതായി മനസിലായത്. എന്നാൽ, ഇക്കാര്യം പൊലീസ് മറ്റാരോടും പറഞ്ഞില്ലത്രേ. പൊലീസ് കാവലിലാണ് പ്രതികളെ ഇവിടെ എത്തിച്ചത്. ബന്ധുക്കളെയോ മറ്റുള്ളവരെയോ അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
പിന്നീട് ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയിൽ എത്തിയപ്പോഴാണ് ലോകേശൻ ബന്ധുവിനോട് മോഷണ വിവരം പറഞ്ഞത്. തുടർന്ന് പൊലീസുമായി ബന്ധപ്പെട്ടെങ്കിലും പരാതിയുമായി വന്നാൽ മറ്റ് രണ്ട് മക്കളെ കൂടി പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഇവർ ആരോപിക്കുന്നു. എന്നാൽ, ഇത്തരമൊരു മോഷണം നടന്നതായി വിവരമില്ലെന്നും പ്രതികളുടെ വീടിന്‍റെ താക്കോൽ പൊലീസ് സൂക്ഷിച്ചിട്ടില്ലെന്നും മണ്ണഞ്ചേരി സി.ഐ രവി സന്തോഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.