പൊന്നരിക്കും മരവിയുടെ ഓർമകളിൽ ഹുസൈനും മായിൻ ഹാജിയും
text_fieldsകീഴുപറമ്പ്: പഴയ തലമുറയിൽപെട്ട ഊന്തുംകണ്ടി സി.വി. ഹുസൈനും പുൽപറമ്പൻ മായിൻ ഹാജിക്കും അത്രവേഗം മറക്കാൻ കഴിയുന്നതല്ല കീഴുപറമ്പിലെ മുറിഞ്ഞമാടിലെ സ്വർണം അരിച്ചെടുക്കൽ ജോലി. 50 വർഷം മുമ്പുവരെ കീഴുപറമ്പിലെ കാരണവന്മാർ ഉപജീവനമാർഗമായി കൊണ്ടുനടന്നിരുന്ന തൊഴിലായിരുന്നു സ്വർണം അരിച്ചെടുക്കൽ. സ്വർണം അരിച്ചെടുക്കാനായി ഒറ്റത്തടി മരത്തിൽ മധ്യഭാഗം ചെറിയൊരു കുഴിയായി രൂപകൽപന ചെയ്ത ഉകരണമാണ് 'മരവി'.
മരവി ഉപയോഗിച്ച് ലാറ്ററേറ്റ് പാറയോട് കൂടിയ മണൽ ധാരാളമുള്ള മുറിഞ്ഞമാടിൽ കൈക്കോട്ടുകൊണ്ട് കിളച്ച് മരവിയിൽ ആക്കി പുഴയിൽ കൊണ്ടുപോവും. വെള്ളത്തിൽ മരവി ആട്ടിയെടുത്ത് ചളി പോയശേഷം മധ്യഭാഗത്തെ കുഴിയിൽ ബാക്കിയാകുന്ന കാളിക്കാമണൽ ഒരു ചിരട്ടയിൽ ആക്കി മാറ്റിവെക്കും.
ഈ ചിരട്ടയിലെ കാളിക്കാമണലിൽ മെർക്കുറി ഒഴിച്ച ശേഷം ഒരു തുണി കഷണത്തിൽ ഇത് പിഴിഞ്ഞ് എടുക്കും. എന്നിട്ട് ഈ തുണി വിളക്കിൽ കത്തിക്കുകയാണ് ചെയ്യാറ്. കത്തിക്കുമ്പോൾ ബാക്കിയെല്ലാം നശിക്കുകയും സ്വർണം മാത്രം ബാക്കിയാകും. ഇത് പലതവണ ആവർത്തിച്ച് കിട്ടുന്ന സ്വർണം ഉരുക്കിയെടുത്ത് തട്ടാന് വിൽക്കുകയാണ് ചെയ്യാറ്. ഈ സ്വർണം ഒറിജിനൽ തങ്കം ആയിരുന്നു എന്ന് ഹുസൈനും പുൽപറമ്പൻ മായിൻ ഹാജിയും പറഞ്ഞു.
വർഷാവർഷങ്ങളിൽ വരുന്ന വെള്ളപ്പൊക്കങ്ങളിൽ വെള്ളം കരയെ മറിച്ചിടുമ്പോൾ ഉണ്ടാകുന്ന ചെറിയ നീർച്ചാലുകളിൽ ഇത്തരം കാളിക്ക മണലുകൾ ധാരാളമുണ്ടായിരുന്നു. ഈ അരിച്ചെടുക്കൽ ജോലി കുറച്ചുപ്രയാസം ഉള്ളതുകൊണ്ടുതന്നെ പിന്നീടുള്ളവർ ഇതിൽനിന്നും പിന്നാക്കം പോയി. ഇന്നിപ്പോൾ മുറിഞ്ഞമാട് നല്ല ഉറച്ച പാറയോടുകൂടിയ മണ്ണും പുല്ലും നിറഞ്ഞതോടെ ഈ കാളിക്കാമണൽ ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം ഗതകാല സ്മരണകളുമായി സി.വി. ഹുസൈനും മായിൻ ഹാജിയും മരവിയുമെടുത്ത് ചാലിയാറിൽ മുറിഞ്ഞമാട്ടിൽ ഒരു പരീക്ഷണം നടത്തിയെങ്കിലും കാളിക്കാമണലിെൻറ അഭാവം കാരണം ഫലം കണ്ടില്ല. വില്യം ലോഗൻ എഴുതിയ മലബാർ മാന്വൽ എന്ന ഗ്രന്ഥത്തിൽ ഈ പൊന്നരിപ്പിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.