പെരിന്തൽമണ്ണയിലെ സ്വർണ കവർച്ച: ഒമ്പത് പ്രതികൾ കൂടി അറസ്റ്റിൽ, ആസൂത്രണം കണ്ണൂർ സെൻട്രൽ ജയിലിൽ
text_fieldsപെരിന്തൽമണ്ണ: ജ്വല്ലറി ഉടമകളെ കാറിൽ പിന്തുടർന്ന് മൂന്നര കിലോഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ ഒമ്പത് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 2.2 കി. ഗ്രാം സ്വർണം കണ്ടെടുത്തു.
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കണ്ണൂർ കൂത്തുപറമ്പ് പാറക്കെട്ട് വീട്ടിൽ വിപിൻ (36), കോഴിക്കോട് താമരശേരി അടിവാരം ആലംപടി ശിഹാബുദ്ദീൻ (28), അടിവാരം പുത്തൻവീട്ടിൽ അനസ് (27), കണ്ണൂർ പിണറായി എരുവെട്ടിയിലെ കിഴക്കേപറമ്പത്ത് അനന്തു (28), തൃശൂർ വെള്ളാനിക്കര സ്വദേശികളായ കൊട്ടിയാട്ടിൽ സലീഷ് (35), കിഴക്കുംപാട്ടുകര പട്ടത്ത് മിഥുൻ എന്ന അപ്പു (37), പാട്ടുരക്കൽ കുറിയേടത്ത് മനയിൽ അർജുൻ കെ. നാരായൺ (28), പീച്ചി സ്വദേശികളായ ആലപ്പാറ പയ്യംകോട്ടൽ സതീഷ് (46), കണ്ണറ കുഞ്ഞിക്കാവിൽ ലിസൺ സാം (31) എന്നിവരെയാണ് കണ്ണൂർ, തൃശൂർ, താമരശേരി എന്നിവിടങ്ങളിൽനിന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
വിപിൻ പരോളിൽ ഇറങ്ങിയതാണ്. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശികളായ ശ്രീരാജ് വീട്ടിൽ നിജിൽരാജ് (35), ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ (29), തൃശൂർ വരന്തരപ്പള്ളി കളിയങ്ങര സജിത്ത് കുമാർ (39), എളവള്ളി സ്വദേശി കോരാം വീട്ടിൽ നിഖിൽ (29) എന്നിവരെ കവർച്ച നടന്ന ദിവസം തൃശൂർ പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് പെരിന്തൽമണ്ണ ഊട്ടി റോഡിൽ കെ.എം ജ്വല്ലറി ഉടമകളായ കിനാതിയിൽ യൂസുഫ്, സഹോദരൻ ഷാനവാസ് എന്നിവരെ ആക്രമിച്ച് സ്വർണമടങ്ങിയ ബാഗുകൾ കവർന്നത്. ജയിലിൽവെച്ച് പരിചയപ്പെട്ട ശിഹാബ്, അനസ് എന്നിവർ വഴിയാണ് പെരിന്തൽമണ്ണയിലെ ജ്വല്ലറിയെക്കുറിച്ച് വിപിൻ അറിഞ്ഞത്. വിപിൻ തന്റെ നാട്ടുകാരനും സമാന കേസുകളിൽ പ്രതിയുമായ അനന്തു മുഖേന കണ്ണൂർ, തൃശൂർ മേഖല കേന്ദ്രീകരിച്ചുള്ള കവർച്ചസംഘത്തെ അറിയിച്ചു. നിജിൽരാജ്, സലീഷ് എന്നിവരാണ് പെരിന്തൽമണ്ണയിലെത്തി ജ്വല്ലറിയും വീടും നിരീക്ഷിച്ച് പോയത്. 21ന് വൈകീട്ട് നാലിന് ഒമ്പത് പേരടങ്ങിയ സംഘം കാറിൽ പെരിന്തൽമണ്ണയിലെ പട്ടാമ്പി റോഡിൽ കാത്തുനിന്നു.
രാത്രി എട്ടരയോടെ ജ്വല്ലറി ഉടമകൾ കടയടച്ച് വരുമ്പോൾ കവർച്ച നടത്തുകയായിരുന്നു. കുറച്ച് സ്വർണം ഉരുക്കി വിൽപന നടത്തിയിരുന്നു.
കൃത്യത്തിൽ പങ്കാളികളായ നാലുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്ന് മലപ്പുറം എസ്.പി ആർ. വിശ്വനാഥ്, പെരിന്തൽമണ്ണ ഡിവൈ.എസ്.പി ടി.കെ. ഷൈജു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.