കരിപ്പൂരിൽ നിന്ന് സ്വർണം പിടിച്ച കേസ്: അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്
text_fieldsകരിപ്പൂർ: രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് നൽകി. ജൂൺ 28ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടീസ് നൽകിയിരിക്കുന്നത്.
അർജുന് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷെഫീഖുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ഷെഫീഖ് അർജുൻ ആയങ്കിയെ നിരവധി തവണ വിളിച്ചതിന്റെ രേഖകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഷഫീഖിനെ അവസാനമായി വിളിച്ചത് അർജുനായിരുന്നു. ഷഫീഖ് വിമാനത്താവളത്തിനുള്ളിൽവെച്ച് കസ്റ്റംസ് പിടിയിലായ വിവരം അറിഞ്ഞയുടൻ അർജുൻ ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു
രാമനാട്ടുകരയിൽ അപകടം നടന്ന ദിവസം അർജുൻ ആയങ്കി അവിടെ എത്തിയിരുന്നെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതിന്റെ തെളിവായ ചുവന്ന സ്വിഫ്റ്റ് കാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നെങ്കിലും കസ്റ്റംസ് സംഘം എത്തുന്നതിന് മുമ്പ് അർജുൻ ആയങ്കിയുടെ സംഘാംഗങ്ങൾ അത് മാറ്റിയിരുന്നു.
അർജുനെതിരെ കൂടുതൽ തെളിവ്; അർജുൻ ഉപയോഗിച്ച കാർ ഡി.വൈ.എഫ്.ഐ നേതാവിെൻറ പേരിലുള്ളത്
കണ്ണൂർ: സ്വർണക്കടത്ത് കേസിൽ ക്വട്ടേഷൻ സംഘാംഗമായ അഴീക്കൽ കപ്പക്കടവ് സ്വദേശി അർജുൻ ആയങ്കിക്കെതിരെ കൂടുതൽ തെളിവുകൾ. കഴിഞ്ഞ ദിവസം പിടികൂടിയ രണ്ടര കിലോഗ്രാം സ്വർണം ഉൾപ്പെടെ കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിെൻറ മുഖ്യ ആസൂത്രകൻ അർജുനാണെന്നാണ് സൂചന. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. സ്വർണക്കടത്ത് സംഘത്തിലെ മറ്റ് അംഗങ്ങളെ അർജുൻ ഭീഷണിപ്പെടുത്തുന്ന ഫോൺ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. അർജുൻ ഉപയോഗിച്ച കാർ ഡി.വൈ.എഫ്.ഐ നേതാവിെൻറ പേരിലുള്ളതാണെന്നതും പുറത്തുവന്നു. ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖല സെക്രട്ടറി സജേഷാണ് കാറിെൻറ ഉടമ. കാർ രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ചത് ആയങ്കിയുടെ മൊബൈൽ ഫോൺ നമ്പറാണ്. അർജുനുമായി ബന്ധപ്പെട്ട് ഇത്രയേറെ വിവരങ്ങൾ പുറത്തുവന്നിട്ടും കണ്ണൂരിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ല. കാർ കണ്ടെത്താനും സാധിച്ചിട്ടില്ല. കരിപ്പൂരിൽ നിന്നും അഴീക്കോെട്ടത്തിച്ച് ഉരുനിർമാണ ശാലക്കടുത്ത് ഒളിപ്പിച്ച കാർ, പൊലീസ് എത്തും മുമ്പേ മാറ്റി.
പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. അതേസമയം, ജൂൺ 28ന് എറണാകുളം കസ്റ്റംസ് പ്രിവൻറിവ് ഓഫിസിൽ ഹാജരാകാൻ അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. സ്വർണവുമായി വന്ന് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായ കാരിയർ മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് വാട്സ് ആപ്പിലൂടെ അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ടതിെൻറ തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് ഹാജരാകാൻ നോട്ടീസ് നൽകിയത്. ഷഫീഖ് വിമാനത്താവളത്തിനുള്ളില്‍ കസ്റ്റംസ് പിടിയിലായ വിവരം അറിഞ്ഞയുടന്‍ അര്ജുന് ഫോണ്‍ സ്വിച്ച് ഓഫാക്കി ഒളിവില്‍ പോയി. സ്വർണക്കടത്ത് സംഘങ്ങൾ തമ്മിൽ നടന്ന ഇടപാടുകൾ വ്യക്തമാക്കുന്ന ആറ് ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നത്.
അർജുൻ ഫേസ്ബുക്കിൽ
കണ്ണൂർ: തനിക്കെതിരെയുള്ള ആരോപണങ്ങളിൽ പാർട്ടിയല്ല മറുപടി പറയേണ്ടതെന്ന് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഡി.വൈ.എഫ്.ഐയുടെ മെംബർഷിപ്പിൽനിന്ന് പുറത്തുവന്ന ആളാണ് താനെന്നും വിശദീകരിച്ചു.
'സോഷ്യൽ മീഡിയ ഇടപെടലുകൾ വ്യക്തിപരമാണ്. മാധ്യമങ്ങൾ പടച്ചുവിടുന്ന അർധസത്യങ്ങൾ രസകരമായി വീക്ഷിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കും. കൂടുതൽ കാര്യങ്ങൾ വഴിയെ പറയാം'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.