കനകം വിരിയിച്ച കൈകൾ ജീവിതവഴി തേടുന്നു
text_fieldsനെടുമങ്ങാട്: സുരക്ഷിത നിക്ഷേപമെന്നനിലയിൽ സ്വർണത്തിനുമേൽ നിക്ഷേപം ഉയരുകയും വില വർധിക്കുകയും ചെയ്യുന്നെങ്കിലും പൊന്നുപോലെ തിളക്കമുള്ളതല്ല സ്വർണാഭരണ നിർമാണ തൊഴിലാളികളുടെ ഇപ്പോഴത്തെ ജീവിതം.
മഞ്ഞലോഹത്തിൽ വിസ്മയം വിരിയിച്ച സ്വർണപ്പണിക്കാർ മാറിയ കാത്ത് നിത്യവൃത്തിക്ക് വഴിതേടുകയാണ്. യന്ത്രവത്കരണവും വമ്പൻ ജ്വല്ലറികളുടെ വരവുമാണ് പരമ്പരാഗത സ്വർണപ്പണിക്കാരെ വഴിയാധാരമാക്കിയത്. കൂലി കുറഞ്ഞതോടെ പലരും കൂലിപ്പണിയിലേക്ക് തിരിയുകയാണ്.
യന്ത്രസഹായത്തോടെ ആഭരണ നിർമാണം തുടങ്ങിയതോടെ മത്സരിക്കാനാകാതെ തൊഴിലാളികൾ വലഞ്ഞു. ഇളക്കത്താലി, മേക്കാമോതിരം, പൂത്താലി, നാഗപടം, കല്ല് നെക്ലെസ്, പാലക്കമാല, പ്രത്യേക ഡിസൈനിലുള്ള മോതിരങ്ങൾ തുടങ്ങിയവ നിർമിക്കുന്ന തൊഴിലാളികൾക്ക് മാത്രം പണി ലഭിക്കുന്ന അവസ്ഥയായി.
പിന്നീട് അതും നിലച്ചു. തദ്ദേശ തൊഴിലാളികളെ ഒഴിവാക്കി ബംഗാൾ, മഹാരാഷ്ട്ര, യു.പി തുടങ്ങിയയിടങ്ങളിൽനിന്നുള്ളവരെ പണിശാലകളിൽ നിയോഗിച്ചു. കൊൽക്കത്തയിൽനിന്നും ബോംബെയിൽനിന്നുമൊക്കെ റെഡിമെയ്ഡ് ആഭരണങ്ങൾ വിപണിയിലെത്തി. ഇതോടെ വീടുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾക്ക് മതിപ്പില്ലാതായി. ഇരുപത് കൊല്ലത്തിനിടെ പാരമ്പര്യമായി സ്വർണപ്പണി ചെയ്തിരുന്ന ഭൂരിപക്ഷം പേരും ഈ രംഗം വിട്ടു.
ഈ രംഗത്ത് ജോലി ചെയ്തിരുന്നതിൽ ഭൂരിപക്ഷവും വിശ്വകർമ സമുദായാംഗങ്ങളായിരുന്നു. സ്വർണാഭരണ നിർമാണമേഖലയിലെ തൊഴിലവസരം കണ്ട് മേഖലയിലേക്ക് കാലെടുത്തുവെച്ച മറ്റ് സമുദായങ്ങളിൽപ്പെട്ടവരും ഇന്ന് ഈ ജോലി ഉപേക്ഷിച്ചു. കേന്ദ്ര സർക്കാറുകൾ കൊണ്ടുവരുന്ന ഭരണപരിഷ്കാരങ്ങൾ മേഖയിലിലെ തൊഴിൽരംഗത്ത് വിളക്കിച്ചേർത്തത് പ്രതിസന്ധികളായിരുന്നെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
ഹാൾ മാർക്ക് കൂടി നിർബന്ധമാക്കിയതോടെ തദ്ദേശീയ സ്വർണാഭരണ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലായി. സ്വർണക്കടകളിൽ ഡിപ്പോസിറ്റ് നൽകിയാണ് പണിയാൻ സ്വർണം വാങ്ങിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ പലരും ഡിപ്പോസിറ്റ് തുക തിരിച്ചുവാങ്ങി. വല്ലപ്പോഴും വിളക്കലിനും പോളീഷിങ്ങിനുമായി എത്തുന്നവരാണ് ഇന്നുള്ളത്.
ആധുനിക ജ്വല്ലറി യൂനിറ്റുകളുടെ വരവ് നിരവധി മാറ്റങ്ങൾക്ക് കാരണമായെന്ന് നെടുമങ്ങാട്ടെ സ്വർണത്തൊഴിലാളിയായ രാജാമണി പറയുന്നു. യന്ത്രനിർമിതമായ നൂതന ഡിസൈനുകൾ കൈത്തൊഴിലിന്റെ സാങ്കേതികവിദ്യയെ കീഴടക്കി. പരമ്പരാഗത ഡിസൈനുകളുടെ നിർമാണം അതിസൂക്ഷ്മവും സങ്കീർണവുമായിരുന്നു. ആഭരണനിർമാണത്തിന്റെ ആദ്യഘട്ടത്തിലും അവസാനഘട്ടത്തിലും മാത്രമായിരുന്നു യന്ത്രങ്ങൾ ആവശ്യമായിരുന്നത്.
ഇത്തരം ഡിസൈനുകൾക്ക് കൈപ്പണി അത്യന്താപേക്ഷിതമായിരുന്നതിനാൽ സ്വർണപ്പണിക്കാർക്ക് യന്ത്രവത്കരണത്തിന്റെ ആദ്യഘട്ടം നിലനിൽക്കാനായി. പിൽക്കാലത്ത് പുരാതന ഡിസൈനുകളുടെ പ്രസക്തി ഇല്ലാതാക്കി കൈപ്പണി അധികം ആവശ്യമില്ലാത്ത നവീന ഡിസൈനുകൾ വിപണി കീഴടക്കി. ആദ്യകാലങ്ങളിൽ സ്വർണപ്പണിക്കാരെ ചെറുകിട വ്യാപാരികളായി ഉയർത്തിയ യന്ത്രവത്കരണം പിൽക്കാലത്ത് സ്വർണപ്പണിയുടെ പ്രാചീനരൂപങ്ങളെ അപ്പാടെ വിഴുങ്ങിയെന്നും രാജാമണി പറഞ്ഞു.
ലൈസൻസുള്ള തട്ടാന്റെ പേരിലേ സ്വർണക്കടകൾ തുടങ്ങാവൂവെന്ന നിയമം ഇല്ലാതാക്കിയത്, ഗൾഫിൽനിന്ന് കൊണ്ടുവരാവുന്ന സ്വർണത്തിന്റെ പരിധി കൂട്ടിയത് തുടങ്ങി നിരവധി കാര്യങ്ങൾ മേഖലയിലെ പരമ്പരാഗത തൊഴിലാളികളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. പ്രതിസന്ധി ഘട്ടത്തിലാണ് തൊണ്ണൂറുകളിൽ കേരള സ്വർണത്തൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ ഒറ്റപ്പെട്ട ചില സമരങ്ങൾ നടന്നത്.
അവയാകട്ടെ വിജയം കൈവരിച്ചില്ല. 2007-2008ൽ രണ്ട് ലക്ഷം തൊഴിലാളികളുണ്ടാകുമെന്ന് പറഞ്ഞ് യൂനിയനുകൾ സർക്കാറിൽ സമ്മർദം ചെലുത്തി ക്ഷേമനിധി ആരംഭിച്ചു. 2011ൽ രജിസ്ട്രേഷൻ ആരംഭിച്ചിട്ട് ഇതുവരെ 19,000 പേരേ ക്ഷേമനിധിക്ക് കീഴിലുള്ളൂ. എല്ലാവരും കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. പെൻഷന്റെ കാര്യത്തിലോ മിനിമം കൂലിയുടെ കാര്യത്തിലോ തീരുമാനങ്ങളുണ്ടാകുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.