വിമാനത്താവളത്തിലെ സ്വർണക്കടത്ത്: അന്വേഷണം വിപുലമാക്കും, സ്വത്തുക്കളിലും പരിശോധന
text_fieldsകോട്ടയം: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിലായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കും. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണ്. മറ്റ് വിമാനത്താവളങ്ങളിലും സ്വർണക്കടത്തിന് ഉദ്യോഗസ്ഥ ഒത്താശയുണ്ടാകുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സ്വർണക്കടത്ത് സംഘം കൈമാറിയ വാട്സ്ആപ് ചാറ്റ്, ഫോൺ ശബ്ദസന്ദേശങ്ങൾ, പെൻഡ്രൈവ് ഉൾപ്പെടെ ഫോറൻസിക് പരിശോധനക്ക് അയച്ചു.
ഇതിന് പുറമെ അറസ്റ്റിലായ കസ്റ്റംസ് എയർ ഇന്റലിജൻസിലെ ഇൻസ്പെക്ടർമാരായ കെ.എസ്. അനീഷ്, എസ്. നിതിൻ എന്നിവരുടെ സ്വത്ത് വിവരങ്ങളും ഡി.ആർ.ഐ അന്വേഷിക്കുന്നുണ്ട്. അനീഷാണ് സ്വർണക്കടത്ത് സംഘങ്ങളുമായി അടുത്ത് ഇടപെട്ടതും മതിയായ സഹായം ലഭ്യമാക്കിയതെന്നുമാണ് വിവരം.
സ്വർണക്കടത്തിന് സഹായിക്കാനാണ് അനീഷ് സമ്മർദം ചെലുത്തി തിരുവനന്തപുരത്തേക്ക് എത്തിയതെന്ന സംശയവും ശക്തമാണ്. പരിശോധനയുടെ പേരിൽ തന്ത്രപരമായി സ്വർണക്കടത്തുകാരെ കടത്തിവിടുകയായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ ചെയ്തുവന്നിരുന്നതെന്ന് തെളിഞ്ഞു. സ്വർണം കടത്തുന്നതായി രഹസ്യസന്ദേശം ലഭിച്ചെന്ന് പറഞ്ഞ് ഒരു യാത്രക്കാരനെ തടഞ്ഞുവെക്കുകയും മറ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയും ഇയാളിലേക്ക് എത്തിക്കുന്നതിനിടെ യഥാർഥ സ്വർണക്കടത്തുകാരെ പുറത്തെത്താനുള്ള സൗകര്യം ഒരുക്കി നൽകുകയുമായിരുന്നെന്നാണ് ഡി.ആർ.ഐക്ക് ലഭിച്ച വിവരം. സ്വർണക്കടത്ത് സംഘംതന്നെ ഇക്കാര്യം കസ്റ്റംസ്, ഡി.ആർ.ഐ സംഘത്തിന് മൊഴി നൽകി.
സ്വർണക്കടത്തിന് ഒപ്പം നിൽക്കാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാൻ തന്ത്രപരമായ പല നീക്കങ്ങളും നടത്തിയത് ഇതിന്റെ ഭാഗമാണ്. 150 കിലോയിലധികം സ്വർണം ഇപ്പോൾ പിടിയിലായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടത്തിയതായാണ് ഡി.ആർ.ഐ സംശയിക്കുന്നത്. 80 കി.ഗ്രാം കടത്താൻ സഹായിച്ചതിനാണ് ഇപ്പോൾ പ്രതികൾ അറസ്റ്റിലായത്. ഓരോ കിലോ സ്വർണം കടത്തുന്നതിനും ലക്ഷങ്ങൾ കമീഷനായി ഇവർക്ക് നൽകിയിരുന്നതായി സ്വർണക്കടത്ത് സംഘം മൊഴി നൽകിയിട്ടുണ്ട്.
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ ബാഡ്മിന്റൺ താരമാണ് അനീഷ്. പിടിയിലായ ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ ഇത്രയും സ്വർണം കടത്താനാകില്ലെന്നാണ് നിഗമനം. അതിനാലാണ് കൂടുതൽ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.