സ്വർണക്കടത്ത് :ആഭരണ നിർമാണ കേന്ദ്രത്തിലെ 3.8 കിലോ സ്വർണം പിടിച്ചെടുത്തു
text_fieldsകോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ജില്ലയിലെ ആഭരണ നിർമാണ കേന്ദ്രത്തിലും ജ്വല്ലറിയിലും കസ്റ്റംസ് പരിശോധന.
പാളയം എം.എം. അലി റോഡിലെ സ്വർണാഭരണ നിർമാണ സ്ഥാപനമായ മറീന ഗോൾഡ്, ഗോവിന്ദപുരത്തെ ബി.എം.ആർ ജ്വല്ലറി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. കണക്കിൽ പെടാതെ സൂക്ഷിച്ച 3.8 കിലോ സ്വർണം മറീന ഗോൾഡിൽനിന്ന് ഉേദ്യാഗസ്ഥർ പിടിച്ചെടുത്തു.
ഇതിന് 1.89 കോടിയോളം രൂപ വിലവരും. ബി.എം.ആർ ജ്വല്ലറി ഉടമകളിലൊരാളായ ജർഫിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെയും പിടിച്ചെടുത്ത സ്വർണവും രാത്രിയോടെ കൊച്ചിയിലെ ഒാഫിസിലേക്ക് കൊണ്ടുപോയി. കൂടുതൽ ചോദ്യം ചെയ്തശേഷം ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തും.
കൊച്ചിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരും കോഴിക്കോട് കസ്റ്റംസ് പ്രിവൻറിവ് ഡിവിഷനും സംയുക്തമായാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ തുടങ്ങിയ പരിശോധന ൈവകീട്ട് നാലിനാണ് അവസാനിച്ചത്. രണ്ടിടങ്ങളിൽ നിന്നും വിൽപനയുടെ ഉൾപ്പെടെ നിരവധി രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട് സ്വദേശികളായ ജയ്ഷീർ, ജമീഷ് എന്നിവരാണ് മറീന ഗോൾഡിെൻറ പാർട്ണർമാരെന്നും ഇതിലൊരാളുടെ സഹോദരനാണ് ബി.എം.ആർ ജ്വല്ലറി ഉടമകളിലൊരാളായ ജർഫിയെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തേ എരഞ്ഞിക്കല്‍ സ്വദേശി സംജുവിനെ അറസ്റ്റ്ചെയ്തിരുന്നു. പിന്നാലെ അരക്കിണർ ഹെസാ ജ്വല്ലറിയിൽ പരിശോധന നടത്തുകയും രേഖകളില്ലാതെ വിൽപനക്കുവെച്ച 3.7 കിലോ സ്വർണാഭരണങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.