സ്വർണക്കടത്ത്: കള്ളപ്പണം വെളുപ്പിച്ചതിന് മതിയായ തെളിവ്
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി സൂചന ലഭിച്ചെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. പ്രധാന പ്രതി സ്വപ്ന സുരേഷിെൻറ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പരിഗണിക്കവെയാണ് കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന വെളിപ്പെടുത്തലുണ്ടായത്. ലൈഫ് മിഷൻ പദ്ധതിയിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെയും കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.
ലൈഫ് മിഷൻ പദ്ധതിക്കുകീഴിൽ അപ്പാർട്മെൻറ് നിർമാണത്തിന് കരാർ ഏറ്റെടുത്ത യൂണിടെക് കമ്പനി പ്രതിനിധി യു.എ.ഇ കോൺസൽ ജനറലിനെ സമീപിച്ചിരുന്നതായും പിന്നീട് ഇദ്ദേഹത്തിെൻറ നിർദേശപ്രകാരം ശിവശങ്കറുമായി കമ്പനി പ്രതിനിധി കൂടിക്കാഴ്ച നടത്തിയതായും ഇ.ഡി ആരോപിച്ചു. നിർമാണക്കരാർ നൽകിയതിന് പ്രതിഫലമായി യൂണിടെക് കമ്പനി സ്വപ്നക്ക് മാത്രമായി ആറുശതമാനം കമീഷൻ നൽകി.
ശിവശങ്കറിനെ കമ്പനി അധികൃതർ സമീപിച്ചതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഉന്നതങ്ങളിൽ സ്വാധീനമുള്ള ചിലർക്ക് കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. കള്ളപ്പണം വെളുപ്പിച്ചതിന് മതിയായ തെളിവ് ലഭിച്ചതായും ഇത് ഒളിപ്പിച്ച ബാങ്ക് ലോക്കർ എടുത്തത് ശിവശങ്കറിെൻറ നിർദേശപ്രകാരം മറ്റൊരാൾക്കൊപ്പം ചേർന്നാണെന്നും ഇ.ഡി ആരോപിച്ചു. കുറ്റകൃത്യത്തിൽ സ്വപ്നയെ സഹായിച്ചവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജാമ്യം നൽകരുതെന്നും ഇ.ഡി ബോധിപ്പിച്ചു. ലോക്കറിൽനിന്ന് കണ്ടെത്തിയ സ്വർണം പുതിയതാണെന്ന് പറഞ്ഞ ഇ.ഡി കേസ് ഡയറിയും കോടതിയിൽ സമർപ്പിച്ചു. ഹരജി വിധി പറയാൻ വെള്ളിയാഴ്ചത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.