ജാഗ്രതയിൽ; സി.പി.എമ്മും മുഖ്യമന്ത്രിയും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒാഫിസിലെ രാഷ്ട്രീയ നിയമനങ്ങളിലേക്ക് കേന്ദ്ര അന്വേഷണ ഏജൻസിയുടെ കൈകൾ നീളുേമ്പാൾ ജാഗ്രതയിൽ സർക്കാറും സി.പി.എമ്മും. പിണറായി വിജയെൻറ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഒന്നിലേറെ കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഹാജരാകാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രണ്ടാംവട്ടം നോട്ടീസ് നൽകിയിരിക്കുന്നത്. എം. ശിവശങ്കറിന് പുറമെ മുഖ്യമന്ത്രിയുടെ ഒാഫിസിലെ ഒരു സംഘത്തിന് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ കള്ളക്കടത്ത് വിവരം അറിയാമെന്ന് േകസിലെ പ്രതിയെ ഉദ്ധരിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഒാഫിസ് കേന്ദ്രീകരിച്ചായിരുന്നു കള്ളക്കടത്ത് ആസൂത്രണം നടന്നതെന്ന് ആരോപിക്കുന്ന പ്രതിപക്ഷത്തിന് പിണറായി വിജയനിലേക്ക് തങ്ങളുടെ ആരോപണമുന ഒരടി അടുപ്പിക്കാൻ അവസരം കൂടിയാണ് ഒരുങ്ങുന്നത്. ഇത് തിരിച്ചറിയുന്ന സി.പി.എം അങ്ങേയറ്റം കരുതലിലാണ്.
സ്വർണ കള്ളക്കടത്ത് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര അന്വേഷണ ഏജൻസികൾ എല്ലാ വികസനപദ്ധതികളും സ്തംഭിപ്പിക്കാൻ നോക്കുകയാണെന്ന് ആരോപിച്ച് സി.പി.എമ്മും എൽ.ഡി.എഫും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നതിനിടെയാണ് അേന്വഷണ ഏജൻസിയുടെ നീക്കം. ഉദ്യോഗസ്ഥെൻറ പിഴവ്, പിഴവ് കാണിച്ച ഉദ്യോഗസ്ഥനെ ആ നിമിഷം ചുമതലയിൽനിന്ന് മാറ്റി, സസ്പെൻഡ് ചെയ്തു എന്ന ന്യായവാദമാണ് ശിവശങ്കറിെൻറ കാര്യത്തിൽ സി.പി.എമ്മും മുഖ്യമന്ത്രിയും ഉയർത്തിയിരുന്നത്.
ആ വാദം രാഷ്ട്രീയ നിയമനമായ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ കാര്യത്തിൽ അതേ നാണയത്തിൽ ഉന്നയിക്കുകയെന്നത് വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ഒാഫിസിലേക്ക് ഏജൻസികൾ കണ്ണയക്കുന്നുവെന്ന സൂചന പുറത്തുവന്നതിന് പിന്നാെലയാണ് അേന്വഷണത്തിെൻറ പിന്നിലെ രാഷ്ട്രീയ താൽപര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയും മുന്നണിയും ആക്ഷേപം ഉന്നയിച്ചത്. കോവിഡ് കാരണം ആദ്യ ചോദ്യം ചെയ്യലിന് പോയിരുന്നില്ല രവീന്ദ്രൻ.
ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരാകുന്നതല്ല, ഇ.ഡിയുടെ നീക്കമാകും സി.പി.എം ഗൗരവപൂർവം വീക്ഷിക്കുക. എല്‍.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇ.ഡിയും ഭാഗമാണെന്ന് അവർ ആരോപിക്കുന്നതും ഇത് മുൻനിർത്തിയാണ്. സ്വർണക്കടത്ത് കേസിൽ സർക്കാറുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പേര് പറയണമെന്നും മാപ്പുസാക്ഷിയാക്കാൻ സമ്മർദമുണ്ടെന്നും പ്രതിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ ഇത് ഉന്നയിച്ച സി.പി.എമ്മിെൻറ ലക്ഷ്യവും രാഷ്ട്രീയ പ്രത്യാക്രമണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.