സ്വർണക്കടത്ത് ; നാല് പ്രതികൾ യു.എ.ഇയിൽ
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിലെ നാലു പ്രതികൾ യു.എ.ഇയിലുണ്ടെന്ന് എൻ.ഐ.എ. തുടക്കം മുതൽ നിരീക്ഷണത്തിലുള്ള മൂന്നാം പ്രതി ഫൈസൽ ഫരീദ്, 10, 15, 20 പ്രതികളായ മൂവാറ്റുപുഴ സ്വദേശി റബിൻസ് ഹമീദ്, സിദ്ദീഖ് എന്ന സിദ്ദീഖുൽ അക്ബർ, അഹമ്മദ് കുട്ടി എന്ന കുഞ്ഞാനി എന്നിവരാണ് യു.എ.ഇയിലുള്ളത്. ഇവരെ കഴിയും വേഗം കേരളത്തിലെത്തിക്കാൻ എൻ.ഐ.എ ഇൻറർപോളിനെ സമീപിച്ച് ബ്ലൂ കോർണർ നോട്ടീസിനു നടപടി ആരംഭിച്ചു.
ആദ്യപടിയായി നാലുപേർക്കുമെതിരെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. ഫൈസൽ ഫരീദിനെ ദിവസങ്ങൾക്ക് മുമ്പ് എൻ.ഐ.എ യു.എ.ഇയിലെത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ, അറസ്റ്റ് ചെയ്ത് കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് ഇയാളടക്കം നാലുപ്രതികൾക്കെതിരെ ഇൻറർപോളിനെ സമീപിക്കാൻ നടപടി ഊർജിതമാക്കിയത്.
ഇവരുടെ വീടുകളിലെ പരിശോധനയിൽ നിരവധി ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തതായും എൻ.ഐ.എ വ്യക്തമാക്കി. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് നാല് പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനൊപ്പം നൽകിയ റിപ്പോർട്ടിലാണ് വിദേശത്തുള്ള കൂടുതൽ പ്രതികളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കും ഉന്നത വ്യക്തികൾക്കും കേസിലുള്ള പങ്ക് പുറത്തുകൊണ്ടുവരാൻ അന്വേഷണം തുടരുകയാണ്. ഇന്ത്യക്കകത്തും പുറത്തും തീവ്രവാദപ്രവർത്തനത്തിന് സ്വർണക്കടത്തിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ചോയെന്നും അന്വേഷിക്കുകയാണെന്നും എൻ.ഐ.എ ബോധിപ്പിച്ചു. 16, 17, 18, 19 പ്രതികളായ മുഹമ്മദ് അൻവർ, ഹംസത്ത് അബ്ദുൽ സലാം എന്ന കുഞ്ഞുമോൻ, സംജു, ഹംജത് അലി എന്നിവരെയാണ് എൻ.ഐ.എ കസ്റ്റഡിയിൽ ചോദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.