മുഖ്യമന്ത്രി വിദേശ കറൻസി കടത്തിയെന്ന സ്വർണക്കടത്ത് കേസ് പ്രതിയുടെ മൊഴി ചർച്ച ചെയ്യില്ലെന്ന് സർക്കാർ; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴി നിയമസഭ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. കോടതിയുടെയും കേന്ദ്ര ഏജൻസിയുടെയും പരിഗണനയിലുള്ള കേസ് ആയതിനാൽ ചർച്ച ചെയ്യാൻ സാധിക്കില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ചു.
ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ഡോളർ കടത്തിൽ പങ്കാളിയായെന്ന അതീവ ഗുരുതര സാഹചര്യമാണുള്ളതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.ടി. തോമസ് ചൂണ്ടിക്കാട്ടി. ഡോളർ കടത്ത് കേസിലെ പ്രതികൾ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതിയെ അസ്ഥിരപ്പെടുത്തുന്ന കേസാണിത്. അതിനാൽ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്‍റെ നോട്ടീസ് തള്ളിയ സ്പീക്കർ, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. കേന്ദ്ര ഏജൻസി കേസ് അന്വേഷിച്ചു വരികയാണ്. അതിനാൽ വിഷയം നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ കഴിയില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
കോടതിയുടെ പരിഗണനയിലുള്ള കേസുകൾ നിയമസഭ മുമ്പും ചർച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴാണ് സ്വാശ്രയ കേസ്, കൊടക്കര സ്വർണക്കടത്ത്, ശബരിമല വിഷയം എന്നീ വിഷയങ്ങൾ നിയമസഭ നിരവധി തവണ ചർച്ച ചെയ്തത്.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകണം. ഈ വിഷയം സഭയിൽ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ എവിടെയാണ് ചർച്ച ചെയ്യേണ്ടത്. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അക്കാര്യം വ്യക്തമാക്കാൻ മുഖ്യമന്ത്രിക്കും സർക്കാറിനും ലഭിക്കുന്ന അവസരമല്ലേ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കേന്ദ്ര ഏജൻസിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ചർച്ചക്ക് അനുമതി നൽകാൻ സാധിക്കില്ലെന്ന് നിയമ മന്ത്രി പി. രാജീവും വ്യക്തമാക്കി. പ്രമേയം ചട്ടപ്രകാരമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിയമ മന്ത്രിയുടെ വാദം തള്ളിയ വി.ഡി. സതീശൻ, സൗകര്യപൂർവം ചട്ടങ്ങളെ വ്യാഖ്യാനിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ആരോപിച്ചു. ഇത് നിയമമന്ത്രിക്ക് ചേരുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ നിലപാടിൽ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾ സഭക്കുള്ളിൽ എഴുന്നേറ്റ് നിന്ന് 'ഡോളർ മുഖ്യൻ രാജിവെക്കണ'മെന്ന് മുദ്രാവാക്യം വിളിച്ചു. സഭക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾ സഭാ കവാടത്തിൽ ധർണ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.