സ്വർണക്കടത്ത് കേസ്; കാരാട്ട് ഫൈസലിന് പ്രധാന പങ്കുള്ളതായി കസ്റ്റംസ്
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിൽ കൊടുവള്ളി നഗരസഭ എൽ.ഡി.എഫ് കൗൺസിലർ കാരാട്ട് ഫൈസലിന് പ്രാധാന പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തൽ. സ്വർണക്കടത്തിൽ വൻനിക്ഷേപം നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയതായാണ് വിവരം.
നയതന്ത്ര ബാഗേജ് വഴി കേരളത്തിലെത്തിച്ച സ്വർണം വിൽക്കാൻ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നും കസ്റ്റംസിന് വിവരം ലഭിച്ചതായാണ് സൂചന. കേസിൽ കസ്റ്റഡിയിലുള്ള കെ.ടി. റമീസ് അടക്കമുള്ളവരെ ചോദ്യം ചെയ്തതിലൂടെയാണ് കാരാട്ട് ഫൈസലിലേക്കും അന്വേഷണം നീളുന്നത്.
കൊടുവള്ളിയിലെ വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷം കസ്റ്റംസ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വ്യാഴാഴ്ച വെളുപ്പിന് നാലുമണിക്ക് കൊടുവള്ളിയിലെ വീട്ടിലെത്തിയ കസ്റ്റംസ് റെയ്ഡ് നടത്തുകയായിരുന്നു. വീട്ടിൽനിന്ന് ഫോൺ വിളികൾ സംബന്ധിച്ച രേഖകൾ കണ്ടെടുത്തതായാണ് വിവരം. ഇയാളെ കൊച്ചിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും.
സ്വർണക്കടത്ത് കേസിൽ ഇതിനുമുമ്പും കാരാട്ട് ഫൈസൽ പ്രതിയായിട്ടുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയാണ് കാരാട്ട് ഫൈസൽ. സി.പി.എമ്മിെൻറ ജനജാഗ്രത യാത്രക്കിടെ കോടിയേരി ബാലകൃഷ്ണൻ കാരാട്ട് ഫൈസലിെൻറ വാഹനത്തിൽ യാത്ര ചെയ്തത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.