ചോദ്യവലയത്തിലേക്ക് അക്ഷോഭ്യനായി ശിവശങ്കർ
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിയിൽനിന്ന് കൊച്ചിയിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫിസിലെത്തിച്ചത് ഏറെ നാടകീയമായി. ചാനൽ സംഘങ്ങളുെട വാഹനങ്ങൾ പിറകെയുണ്ടായിരുന്നതിനാലും മറ്റും ഇടക്കിടെ റൂട്ട് മാറ്റിയാണ് എൻഫോഴ്സ്മെൻറ് സംഘം കൊച്ചിയിലെത്തിയത്. ചേർത്തലയിൽ വെച്ച് കസ്റ്റംസ് സംഘം ഇവരോടൊപ്പം ചേർന്നതും അപ്രതീക്ഷിതമായാണ്.
എറണാകുളം മുല്ലശ്ശേരി കനാൽ റോഡിലെ ഇ.ഡി ഓഫിസിൽ കാത്തുനിന്ന നിരവധി കാമറക്കണ്ണുകൾക്കും ചാനൽ മൈക്കുകൾക്കും ഇടയിലേക്കാണ് അക്ഷോഭ്യനായി ശിവശങ്കർ വന്നിറങ്ങിയത്. അദ്ദേഹം സഞ്ചരിച്ച വാഹനം കൃത്യം 3.21ന് ഇ.ഡി ഓഫിസിലെത്തി. തനിക്കുനേരെ നീണ്ട മൈക്കുകൾക്കുമുന്നിൽ പതിവുപോലെ മൗനവും നിസ്സംഗതയും പാലിച്ച ശിവശങ്കറിനെ ഉദ്യോഗസ്ഥർ ഇരുകൈകളും പിടിച്ച് മുകൾനിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കനത്ത സുരക്ഷയാണ് ഓഫിസിലും പരിസരപ്രദേശത്തും ഒരുക്കിയിരുന്നത്. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ആദ്യം എം.ജി റോഡിനു സമീപം പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ പൊലീസ് തടയുകയും പിരിച്ചുവിടുകയും ചെയ്തു. ഇതിനുപിന്നാലെ ഇ.ഡി ഓഫിസിെൻറ പിന്നിലെ മതിൽ ചാടിക്കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
ശിവശങ്കറിെന എത്തിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനു പിന്നാലെയാണ് ശിവശങ്കറിനെ കൊണ്ടുവന്നത്. യുവമോർച്ചയുടെ പ്രതിഷേധവും ഇവിടെ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.