'സ്വർണക്കടത്ത് അന്വേഷണം ഉന്നതരിലേക്ക് അടുക്കുന്നു'; കസ്റ്റംസ് ഹൈകോടതിയിൽ
text_fieldsകൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസ് ഉന്നത സ്വാധീനശക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് കസ്റ്റംസ് ഹൈകോടതിയിൽ. അന്വേഷണം ഇളക്കം തട്ടാതെ മുന്നോട്ട് കൊണ്ടുപോകാനായാൽ മാത്രമേ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഉന്നതരിലേക്ക് എത്താനാവൂ.
മുഖ്യപ്രതി സ്വപ്ന സുരേഷിന് ഈ ഘട്ടത്തിൽ മൊഴിപ്പകർപ്പ് നൽകുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തും. താൻ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹരജിയെ എതിർത്താണ് കസ്റ്റംസ് രേഖാമൂലം നിലപാട് അറിയിച്ചിരിക്കുന്നത്. മൊഴിപ്പകർപ്പിനായി നൽകിയ അപേക്ഷ എറണാകുളം അഡീ. സി.ജെ.എം കോടതി നിരസിച്ചതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. കോൺസുലേറ്റിെൻറ തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്ത് 1.90 ലക്ഷം ഡോളർ ഇവർ വിദേശത്തേക്ക് കടത്തിയെന്ന് അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. അധികാര കേന്ദ്രങ്ങളിൽ അപാര സ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ് ഇവർ. വിദേശത്തെയടക്കം ഒട്ടേറെ ഉന്നതരുമായുള്ള ബന്ധം ഇവർതന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.
സമൂഹത്തിൽ സ്വാധീന ശക്തിയുള്ളവരും ഉന്നത സ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ച് മൊഴിയിൽ പറയുന്നുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധമുള്ള ഉന്നതരിലേക്കും രാഷ്ട്രീയ നേതാക്കളിലേക്കും എത്തിച്ചേരാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ളവർ ഇതിലുണ്ട്. സ്വപ്നയുടെ മൊഴി അന്വേഷണത്തിനിടെ പുറത്തുവരുന്നത് ഇവരിലേക്കെത്താനുള്ള കസ്റ്റംസിെൻറ നീക്കത്തെ തകർക്കും.
സുരക്ഷാ ഭീഷണിയും ജീവൽ ഭയവും മൂലം സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചാണ് മൊഴി മുദ്രവെച്ച കവറിൽ നൽകിയത്. ഇപ്പോഴും സ്ഥിതിക്ക് മാറ്റമില്ലെന്നിരിക്കെ മൊഴിപ്പകർപ്പ് പുറത്തുവരുന്നത് അവരുടെ സുരക്ഷയെ ബാധിക്കും. അന്വേഷണഘട്ടത്തിൽ മൊഴിപ്പകർപ്പ് പ്രതികൾക്കു നൽകാൻ ക്രിമിനൽ നടപടി ചട്ടത്തിലും ഇന്ത്യൻ തെളിവുനിയമത്തിലും വിലക്കുണ്ട്. ഇത് പലതവണ സുപ്രീംകോടതി ശരിവെച്ചതുമാണ്.
അന്വേഷണ ഭാഗമായി സ്വപ്നയടക്കമുള്ള പ്രതികളുടെയും മറ്റ് പലരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതു കോടതി രേഖകളുടെ ഭാഗമാക്കിയിട്ടില്ല. കേസ് ഡയറിയുടെ ഭാഗമായാണ് ഇവ കോടതിയിൽ സമർപ്പിക്കുക. വിദേശത്തടക്കം അന്വേഷണം പുേരാഗമിക്കുകയാണ്. രാജ്യവിരുദ്ധ കുറ്റമാണ് ചെയ്തതെങ്കിലും വനിതയെന്ന പരിഗണന ഹരജിക്കാരിക്ക് നൽകുന്നുണ്ട്. മൊഴിപ്പകർപ്പ് വേണമെന്ന സ്വപ്നയുടെ ആവശ്യം നിയമപരമായും വസ്തുതാപരമായും നിലനിൽക്കാത്തതാണെന്നും പൊതുതാൽപര്യ വിരുദ്ധമാണെന്നും കസ്റ്റംസിെൻറ പത്രികയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.