സ്വർണക്കടത്ത് കേസ്: സ്വപ്നക്ക് ആറു കോടിയും ശിവശങ്കറിന് 50 ലക്ഷവും പിഴയിട്ട് കസ്റ്റംസ്
text_fieldsകൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ പ്രതികൾക്ക് വൻ പിഴയിട്ട് കസ്റ്റംസ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ 50 ലക്ഷം രൂപയും കൂട്ടുപ്രതി സ്വപ്ന സുരേഷ് ആറ് കോടിയും പിഴയിട്ട കൊച്ചി കസ്റ്റംസ് പ്രിവന്റിവ് കമീഷണർ ഡോളർ കടത്ത് കേസിൽ ഇരുവർക്കും 65 ലക്ഷം രൂപ വീതം പിഴ ചുമത്തി. ഡോളർ കേസിൽ യൂനിടാക് എം.ഡി സന്തോഷ് ഈപ്പന് ഒരുകോടിയും യു.എ.ഇ കോൺസൽ ജനറൽ ധനകാര്യ വിഭാഗം മുൻ തലവൻ ഖാലിദ് 1.30 കോടിയും പിഴ ഒടുക്കണം. കൂട്ടുപ്രതികളായ സന്ദീപ്, സരിത്ത് എന്നിവർക്ക് 65 ലക്ഷം വീതമാണ് പിഴ.
ഡോളർ കടത്ത് കേസിൽ, കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി ഖാലിദ് വൻതോതിൽ വിദേശ കറൻസി കടത്തി. മൂന്നുതവണ നോട്ടീസ് അയച്ചിട്ടും ഇദ്ദേഹം ഹാജരായില്ല. ഖാലിദിനെ കേൾക്കാതെയാണ് പിഴ ചുമത്തിയത്. ശിവശങ്കറിന് ഖാലിദുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്വർണക്കടത്ത് കേസിൽ, സ്വപ്നയുടെ പങ്കാളിയായി ശിവശങ്കർ പ്രവർത്തിച്ചെന്നതടക്കം അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് വൻതുക പിഴയിട്ടത്. തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു പിടികൂടിയ 30.24 കിലോഗ്രാമും അതിനു മുമ്പ് ഇതേ ചാനലിലൂടെ കൊണ്ടുപോയ 136.82 കിലോഗ്രാമും അടക്കം 61.32 കോടി രൂപ വിലവരുന്ന 167.03 കിലോ സ്വർണം കടത്തിയതിൽ സ്വപ്നയുടെ പങ്കാളിയായിരുന്നു ശിവശങ്കറെന്ന് കമീഷണർ രാജേന്ദ്രകുമാറിന്റെ അഡ്ജുഡിക്കേഷൻ ഉത്തരവിൽ പറയുന്നു. പ്രതികളുടെ ഭാഗംകൂടി കേട്ട ശേഷമാണ് ഉത്തരവ്.
44 പ്രതികൾക്ക് ആകെ 66.60 കോടിയാണ് പിഴ ചുമത്തിയത്. 2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്ന് 14.82 കോടി രൂപ വിലവരുന്ന കള്ളക്കടത്തു സ്വർണം പിടിച്ചെടുത്ത കേസിലെ കസ്റ്റംസ് നടപടിക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ്. യു.എ.ഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖമീസ് അൽ അഷ്മേയി, സന്ദീപ് നായർ, കെ.ടി. റമീസ്, പി.എസ്. സരിത് എന്നിവരും ആറുകോടി വീതം പിഴയടക്കണം. കസ്റ്റംസ് ബ്രോക്കറായ കപ്പിത്താൻ ഏജൻസീസ് നാലുകോടിയും ഫൈസൽ ഫരീദ്, പി. മുഹമ്മദ് ഷാഫി, ഇ. സെയ്തലവി, ടി.എം. സംജു എന്നിവർ 2.5 കോടി വീതവും സ്വപ്നയുടെ ഭർത്താവ് എസ്. ജയശങ്കർ, റബിൻസ് ഹമീദ് എന്നിവർ രണ്ടുകോടി വീതവും പിഴയടക്കണം. എ.എം. ജലാൽ, പി.ടി. അബ്ദു, ടി.എം. മുഹമ്മദ് അൻവർ, പി.ടി. അഹമ്മദ്കുട്ടി, മുഹമ്മദ് മൻസൂർ എന്നിവർക്ക് 1.5 കോടി വീതവും മുഹമ്മദ് ഷമീമിന് ഒരു കോടിയുമാണു പിഴ. മറ്റു പ്രതികൾക്ക് രണ്ട് മുതൽ 50 ലക്ഷം വരെ പിഴ ചുമത്തി. പിടിച്ചെടുത്ത 30 കിലോ സ്വർണത്തിനു പുറമെ സംഘം 2019 നവംബറിനും 2020 മാർച്ചിനും ഇടയിൽ 46.50 കോടി രൂപ വിലവരുന്ന 136.828 കിലോ സ്വർണം കടത്തിയെന്നു സാഹചര്യത്തെളിവുകളിൽനിന്നു വ്യക്തമാണെന്ന് ഉത്തരവിലുണ്ട്.
സ്വപ്നയുമായി ശിവശങ്കർ പണമിടപാട് നടത്തി. ഒന്നും അറിഞ്ഞില്ലെന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ശിവശങ്കറിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു. ജമാൽ ഹുസൈൻ അൽസാബി, റാഷിദ് ഖമീസ് അൽ അഷ്മേയി എന്നിവർ കള്ളക്കടത്തിനു കൂട്ടുനിന്നതായും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.