സ്വർണക്കടത്തിൽ വെളിപ്പെടാതെ കസ്റ്റംസ് ഉന്നതരുടെ പങ്ക്; ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി പ്രതി
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ ഡിേപ്ലാമാറ്റിക് കാർഗോ ഉപയോഗിച്ച് 15 കോടിയുടെ സ്വർണം കടത്തിയതിൽ ഉന്നതരുടെ പങ്ക് വെളിപ്പെടാനുണ്ടെന്ന് കസ്റ്റംസ്. ദേശസുരക്ഷയും രാജ്യത്തിെൻറ സാമ്പത്തിക അടിത്തറയും തകർക്കാനുള്ള നീക്കമാണ് നടത്തിയതെന്നും വിശദ അന്വേഷണം ആവശ്യമാണെന്നും കസ്റ്റംസ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയെ അറിയിച്ചു.
അറസ്റ്റിലായ കോൺസുലേറ്റിലെ മുൻ പി.ആർ.ഒ തിരുവനന്തപുരം തിരുവല്ലം ‘മുദ്ര’യിൽ പി.എസ്. സരിത്തിനെ മജിസ്േട്രറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ നൽകിയ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. കോൺസുലേറ്റിലെ ഇൻ ചാർജിെൻറ പേരിൽ കുടുംബം അയച്ച ഭക്ഷ്യോൽപന്നങ്ങൾക്കൊപ്പമാണ് 30 കിലോ സ്വർണം കണ്ടെത്തിയത്. സ്വർണം എത്തിയതിൽ അദ്ദേഹത്തിന് പങ്കില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽതന്നെ വ്യക്തമായി. കുടുംബം ഭക്ഷ്യോൽപന്നങ്ങളേ അയച്ചിട്ടുള്ളൂവെന്നും ഇതല്ലാത്ത വസ്തുവകകൾ എത്തിയതിൽ ഇന്ത്യൻ നിയമമനുസരിച്ച് നടപടി കൈക്കൊള്ളാമെന്നും ഇൻ ചാർജ് അറിയിച്ചിട്ടുണ്ട്.
ഭക്ഷ്യോൽപന്നങ്ങൾ എത്തിക്കുന്നതിൽ സരിത്താണ് സഹായിച്ചിരുന്നതെന്ന് അറ്റാഷെ അറിയിച്ചതിനെത്തുടർന്നാണ് അയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. പിടിച്ച സ്വർണത്തിൽ ഒരു അവകാശവാദവുമില്ലെന്ന് ഇൻ ചാർജിൽനിന്ന് ഉറപ്പുവാങ്ങിയ ശേഷമാണ് തുടർനടപടികളിലേക്ക് കസ്റ്റംസ് നീങ്ങിയത്. കൂട്ടാളികളെക്കുറിച്ച ചോദ്യങ്ങളിൽനിന്ന് സരിത്ത് ഒഴിഞ്ഞുമാറുന്നതായും അന്വേഷണം ആവശ്യമാണെന്നും കസ്റ്റംസ് സൂപ്രണ്ട് വി. വിവേക് കോടതിയെ അറിയിച്ചു.
ഓർഡർ നൽകിയത് സരിത്ത്
യു.എ.ഇയിൽ കട നടത്തുന്ന ഫാസിൽ എന്നയാൾ വഴിയാണ് സരിത്ത് ഓർഡറുകൾ നൽകി വസ്തുവകകൾ പാക്ക് ചെയ്ത് ഡിേപ്ലാമാറ്റിക് കാർഗോ വഴി അയച്ചിരുന്നതെന്നും ഈ രീതി നിയമവിരുദ്ധമാണെന്നും കസ്റ്റംസ് വ്യക്തമാക്കി. സാധാരണഗതിയിൽ കസ്റ്റംസ് ക്ലിയറൻസിെൻറ പണം നൽകുന്നത് കോൺസുലേറ്റ് നേരിട്ടാണ്.
എന്നാൽ, സരിത്ത് നേരിട്ട് പണം നൽകി സ്വന്തം വാഹനത്തിലാണ് ബാഗേജുകൾ കൊണ്ടുപോയിരുന്നത്. സ്വർണം പിടികൂടിയ വിവരം വെളിപ്പെട്ടതോടെ പ്രതി തെൻറ മൊബൈൽ ഫോർമാറ്റ് ചെയ്ത് തെളിവ് നശിപ്പിച്ചു. കോൺസുലേറ്റിലെ പി.ആർ.ഒ ആണെന്ന് വിശ്വസിപ്പിച്ചാണ് കാർഗോ ക്ലിയറൻസ് നടത്തിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.
കോവിഡ് പരിശോധന പൂർത്തിയാക്കിയശേഷം പ്രതിയെ കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങും. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഐ.ടി വകുപ്പിൽനിന്ന് പുറത്താക്കപ്പെട്ട സ്വപ്ന സുരേഷ് അടക്കം ആരുടെയും കേസിലെ പങ്ക് വെളിപ്പെടുത്താതെയാണ് കസ്റ്റംസ് റിപ്പോർട്ട്. സ്വർണം ആർക്കുവേണ്ടിയാണ് എത്തിച്ചത്, ഈ രീതിയിൽ മുമ്പ് എത്ര തവണ എത്തിച്ചു എന്നീ കാര്യങ്ങൾ സരിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെയേ വ്യക്തമാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.