കണ്ണൂർ സി.പി.എമ്മിൽ വീണ്ടും സ്വർണക്കടത്ത് വിവാദം
text_fieldsകണ്ണൂർ: ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകൾക്കുശേഷം കണ്ണൂർ സി.പി.എമ്മിൽ വീണ്ടും സ്വർണക്കടത്ത്-ക്വട്ടേഷൻ വിവാദം. സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘാംഗമായ ആകാശ് തില്ലങ്കേരിയുമായി സി.പി.എം ജില്ല കമ്മിറ്റി അംഗം എം. ഷാജറിന് അടുത്ത ബന്ധമുണ്ടെന്നും പാർട്ടിരഹസ്യങ്ങൾ ചോർത്തിനൽകുന്നുണ്ടെന്നും ആനുകൂല്യം കൈപ്പറ്റുന്നുണ്ടെന്നും ആരോപിച്ച് മറ്റൊരു ജില്ല കമ്മിറ്റിയംഗം മനു തോമസ് പാർട്ടിക്ക് പരാതി നൽകി. ജില്ല കമ്മിറ്റിക്ക് ലഭിച്ച പരാതിയിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം എം. സുരേന്ദ്രനെ അന്വേഷണത്തിന് നിയോഗിച്ചു. എന്നാൽ, ആരോപണവും അന്വേഷണവും പാർട്ടി തള്ളി.
മനു തോമസ് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റും എം. ഷാജർ ജില്ല സെക്രട്ടറിയും ആയിരിക്കെ കഴിഞ്ഞവർഷം ജനുവരിയിലാണ് പാർട്ടിക്ക് പരാതി ലഭിച്ചത്. നടപടിയൊന്നുമില്ലാതിരിക്കെ, രണ്ടാഴ്ചമുമ്പ് നടന്ന തെറ്റുതിരുത്തൽ കരട് നയരേഖ സംബന്ധിച്ച യോഗത്തിൽ മനു തോമസ് വിഷയം വീണ്ടും ഉന്നയിച്ചു. തുടർന്നാണ് പരാതി അന്വേഷിക്കാൻ ജില്ല സെക്രട്ടേറിയറ്റ് അംഗത്തെ അന്വേഷണ കമീഷനായി പാർട്ടി നിയോഗിച്ചത്. ആകാശ് തില്ലങ്കേരിയുമായി ഷാജറിന് അടുത്ത ബന്ധമാണുള്ളതെന്നും സ്വർണക്കടത്ത് സംഘത്തിൽനിന്ന് ആനുകൂല്യം കൈപ്പറ്റുന്നതായുമുള്ള ഗുരുതര ആരോപണമാണ് പരാതിയിലുള്ളത്. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എം. ഷാജറും ആകാശ് തില്ലങ്കേരിയുമായുള്ള ശബ്ദരേഖ ഉൾപ്പെടെയാണ് മനു തോമസിന്റെ പരാതി.
എന്നാൽ, ഷാജറിനെതിരായ ആരോപണം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ നിഷേധിച്ചു. പാർട്ടി ആർക്കെതിരെയും ഒരന്വേഷണവും നടത്തുന്നില്ലെന്നും തില്ലങ്കേരി വിവാദം പൊട്ടിയതിലുള്ള നിരാശയിൽ മാധ്യമങ്ങൾ പുതിയത് ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നയരേഖ സംബന്ധിച്ച യോഗത്തിൽ പലതും ചർച്ചയാവുമെന്നും അതൊന്നും മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചു.
ഒട്ടും വിശ്വാസയോഗ്യമല്ലാത്ത കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യത്തിൽ പ്രതികരണത്തിനില്ലെന്നും എം. ഷാജർ പറഞ്ഞു. സംഘടനക്കകത്ത് നടക്കുന്ന കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നും ജില്ല സെക്രട്ടറിയാണ് അക്കാര്യം പറയേണ്ടതെന്നും മനു തോമസ് പ്രതികരിച്ചു. ഷാജറുമായി ഒരിക്കൽപോലും ഫോണിൽ സംസാരിച്ചിട്ടില്ലെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലും കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.