വലവിരിച്ച് കസ്റ്റംസ്; സ്വർണക്കടത്തുകാർ കുടുങ്ങിത്തുടങ്ങി
text_fieldsകൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചതോടെ പഴയ സ്വർണക്കടത്തുകാരും കുടുങ്ങുന്നു. ’90കളുടെ അവസാനത്തിൽ സജീവമായിരുന്നവരാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായവരിൽ വലിയൊരു വിഭാഗമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
വർഷങ്ങളായി മേഖലയിൽ സജീവമായിരുന്ന ചിലർ ഒരിക്കൽപോലും കുടുങ്ങിയിട്ടില്ല. അതേസമയം, മുമ്പ് അറസ്റ്റിലായി പുറത്തിറങ്ങിയവരും കൂട്ടത്തിലുണ്ട്. പ്രതികളിലൊരാളായ റമീസ് കോഴിക്കോട് വിമാനത്താവളം വഴി 15 കിലോ സ്വർണം കടത്താൻ ശ്രമിച്ചതിന് 2014ൽ ഡി.ആർ.ഐ അറസ്റ്റ് ചെയ്ത ആളാണ്. ’90കളുടെ അവസാനത്തിൽതന്നെ സ്വർണക്കടത്തിൽ ചുവടുറപ്പിച്ച പ്രതികൾ തുടർന്ന് വിവിധ ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു.
ഇതിെൻറ മറവിൽ സ്വർണക്കടത്തും നിർബാധം തുടർന്നു. മേഖലയിൽനിന്ന് ഏതാനും വർഷമായി പിൻവാങ്ങിയ ചിലർ കോവിഡുകാലത്ത് വീണ്ടും സജീവമായി രംഗത്തെത്തി. ഇതിനിടെയാണ് തിരുവനന്തപുരം സ്വർണക്കടത്തിലൂടെ ഓരോരുത്തരായി കുടുങ്ങിയത്.
അറസ്റ്റിലായ ജലാലും റമീസും കൂടിയാണ് സ്വർണക്കടത്തിന് കൂടുതൽ നിക്ഷേപകരെ കണ്ടെത്തിയിരുന്നത്. യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്ര ബാഗ് വഴി സ്വർണം കടത്താനുള്ള നീക്കത്തിൽ ആറുപേർ ചേർന്ന് എട്ട് കോടി രൂപ നിക്ഷേപിച്ചിരുന്നു. സ്വർണം എത്തിക്കഴിയുമ്പോൾ വിൽപന നടത്തി പണം വീതിച്ചെടുക്കാനായിരുന്നു പദ്ധതി. എന്നാൽ, പിടിക്കപ്പെട്ടതോടെ ഇതെല്ലാം പാളി.
പ്രതികളിലൊരാളായ അംജത് അലി വലിയ രീതിയിൽ നിക്ഷേപം നടത്തിയിരുന്നതായി കരുതപ്പെടുന്നു. കടം വാങ്ങി പണം നൽകിയവരും കൂട്ടത്തിലുണ്ട്.
മുൻകാല സംഭവങ്ങളെക്കുറിച്ച അന്വേഷണവും ഇതോടൊപ്പം കസ്റ്റംസ് നടത്തുകയാണ്. ഓരോരുത്തരെയും ചോദ്യം െചയ്തതിൽനിന്ന് വൻ റാക്കറ്റിനെക്കുറിച്ചാണ് വിവരം ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്വപ്നക്കെതിരെ തെളിവുതേടി എൻ.ഐ.എ - ക്രൈംബ്രാഞ്ച് ചർച്ച
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതിസ്വപ്നക്കെതിരെ കൂടുതൽ തെളിവുതേടി അന്വേഷണസംഘം. വ്യാജരേഖ ചമച്ച് ജോലിയിൽ പ്രവേശിച്ചത് സംബന്ധിച്ച രേഖകൾ പിടിച്ചെടുത്ത എൻ.ഐ.എ സംഘം കേസുകളുടെ വിശദാംശങ്ങൾ തേടുകയാണ്.
അതിെൻറ ഭാഗമായി എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജ പരാതി നൽകിയ കേസ് സംബന്ധിച്ച് എന്‍.ഐ.എ സംഘം ക്രൈംബ്രാഞ്ചുമായി ചര്‍ച്ച നടത്തി. വ്യാഴാഴ്ച ഉച്ചയോടെ എറണാകുളത്തെ എന്‍.ഐ.എ യൂനിറ്റ് എസ്.പി രാഹുല്‍, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അനില്‍കുമാറിനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. തുടർന്ന്, വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ എന്‍.ഐ.എ ഡിവൈ.എസ്.പി വിജയകുമാറും സംഘവുമെത്തി ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി. തുടരന്വേഷണത്തിന് ഇരുകൂട്ടര്‍ക്കും ആവശ്യമായ വിവരങ്ങള്‍ കൈമാറാൻ ധാരണയായി.
എയർ ഇന്ത്യ യൂനിയൻ നേതാവായിരുന്ന എൽ.എസ്. സിബുവിനെതിരെ 17 വനിത ജീവനക്കാരെക്കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ചെന്നാണ് സ്വപ്നക്കെതിരായ കേസ്.
ആദ്യം ലോക്കൽ പൊലീസും പിന്നീട്, ജില്ല ക്രൈംബ്രാഞ്ചും അവർക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. പിന്നീട്, വാദി ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം സറ്റേറ്റ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്. അവരുടെ അന്വേഷണത്തെ തുടർന്നാണ് സ്വപ്നയെ പ്രതി ചേർക്കാമെന്ന സത്യവാങ്മൂലം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.