സ്വർണക്കടത്ത്: കസ്റ്റംസ് ജീവനക്കാരൻ അറസ്റ്റിൽ
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണക്കടത്തുകാരെ സഹായിച്ച കസ്റ്റംസ് ജീവനക്കാരൻ അറസ്റ്റിൽ. കസ്റ്റംസിൽ ഹവിൽദാറായ എറണാകുളം കണ്ണമാലി സ്വദേശി സുനിൽ ഫ്രാൻസിസിനെയാണ് ഡയറക്ടർ ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) പിടികൂടിയത്. ദുബൈയിൽനിന്ന് മൂന്ന് കിലോ സ്വർണവുമായി എത്തിയ പത്തനംതിട്ട സ്വദേശി ഖാലിദ് അനിദാനെ വിമാനത്താവളത്തിന് പുറത്ത് കടത്താൻ സഹായിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാൾ ഇത്തരത്തിൽ സ്വർണം കടത്താൻ സഹായിക്കുന്നുണ്ടെന്ന് ഡി.ആർ.ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇന്നലെ ഇയാൾ ഡ്യൂട്ടിയില്ലാത്ത സമയമായിട്ടും അനധികൃതമായി വിമാനത്താവളത്തിനകത്ത് കയറി ബാത്റൂമിൽ െവച്ചാണ് ഖാലിദിൽനിന്ന് സ്വർണം കൈപ്പറ്റി പുറത്തേക്ക് കടത്തിയത്. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ ഹാജരാക്കിയശേഷം പ്രതിയെ ഡി.ആർ.ഐ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.
സ്വർണക്കടത്തുകാർക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ സഹായം ചെയ്തുകൊടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കേസിെൻറ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തേക്കും. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതിനാലാണ് കേസ് സി.ബി.ഐക്ക് കൈമാറേണ്ടതായി വരികയെന്ന് ഡി.ആർ.ഐ അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പ്രാഥമിക അന്വേഷണം ഡി.ആർ.ഐ തന്നെയായിരിക്കും നടത്തുക. നെടുമ്പാശ്ശേരിയിൽ രണ്ട് മാസത്തിനുള്ളിൽ ഉടമസ്ഥരില്ലാതെ സ്വർണം കണ്ടെത്തിയ മൂന്ന് സംഭവങ്ങളുണ്ടായിട്ടും ഇതിെൻറ തുടരന്വേഷണം കാര്യക്ഷമമായ രീതിയിൽ നടത്താതിരുന്നത് കസ്റ്റംസിലെ ചില ഇടപെടലുകളെ തുടർന്നായിരുന്നുവെന്നാണ് ആക്ഷേപം.
ഇതിനുമുമ്പ് ഇത്തരം സംഭവമുണ്ടായപ്പോൾ കൊച്ചി കസ്റ്റംസിൽനിന്ന് ഇടപെടലുകൾ നടത്തി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് എമിേഗ്രഷൻ എസ്.ഐ ഉൾപ്പെടെ നാൽപതോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇക്കുറി അതുണ്ടായില്ല. വിമാനത്താവളത്തിലെ ശുചീകരണ ജീവനക്കാരെ ചുറ്റിപ്പറ്റി മാത്രമായിരുന്നു അന്വേഷണം. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുറത്ത് കടത്താൻ ഒളിപ്പിച്ച സ്വർണം പലപ്പോഴും കണ്ടെടുത്തത് ശുചീകരണ തൊഴിലാളികളായിരുന്നു. ഇതേത്തുടർന്ന് ഇവരെ ചോദ്യം ചെയ്യാനെന്ന പേരിൽ നിരന്തരം വിളിപ്പിച്ച് ബുദ്ധിമുട്ടിക്കുകയാണ് ചില കസ്റ്റംസ് ഉദ്യോഗസ്ഥർ ചെയ്തിരുന്നത്.
കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കുള്ള വിഹിതം വീട്ടിലെത്തും
നെടുമ്പാശ്ശേരി: സ്വർണക്കടത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്ക് സ്വർണക്കടത്ത് മാഫിയ വിഹിതം കൃത്യമായി വീട്ടിലെത്തിച്ച് നൽകും. തങ്ങൾ കള്ളക്കടത്ത് പിടിക്കുന്നുണ്ടെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ഇടയ്ക്കൊക്കെ ഇടനിലക്കാരായ ചിലരെ പിടികൂടും. വിമാനത്താവളത്തിലെ സ്വർണക്കടത്ത് സംബന്ധിച്ച് മാധ്യമപ്രവർത്തകർക്ക് കസ്റ്റംസുകാരുടെ താൽപര്യത്തിനനുസരിച്ച് മാത്രം വാർത്ത നൽകുന്നതിന് അനധികൃതമായി വിഡിയോ ഗ്രാഫറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
മറ്റ് മാധ്യമപ്രവർത്തകരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കാതെ ഈ വിഡിയോഗ്രാഫർ വഴി മാത്രമാണ് സ്വർണക്കടത്ത് വാർത്തകൾ മറ്റ് മാധ്യമങ്ങൾക്ക് നൽകുന്നത്. ഇതിനെതിരെ വിമാനത്താവളത്തിലെ കേന്ദ്ര-സംസ്ഥാന ഇൻറലിജൻസ് വിഭാഗങ്ങൾ ഉന്നതങ്ങളിലേക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെ മറ്റ് മാധ്യമപ്രവർത്തകർ കൊച്ചി കസ്റ്റംസ് കമീഷണർ സുമിത് കുമാറിന് കഴിഞ്ഞ ദിവസം രേഖാമൂലം പരാതി നൽകിയിട്ടും ഗൗനിച്ചിരുന്നില്ല. പിന്നീട് വിമാനത്താവള കമ്പനിക്കും മാധ്യമപ്രവർത്തകർ പരാതി നൽകി.
ഇതിനുമുമ്പ് സി.ബി.ഐ അറസ്റ്റ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന് സ്വർണക്കടത്ത് മാഫിയ നിരവധി സ്ഥലങ്ങളിലായി ഭൂസ്വത്ത് വാങ്ങി നൽകുകയായിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.