സ്വർണക്കടത്ത്: പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ്
text_fieldsകൊച്ചി: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ്. മലപ്പുറം കൊളത്തൂർ മൂർക്കനാട് മേലേതിൽ വീട്ടിൽ മുഹമ്മദ് ഷഫീഖ് മേലേതിലിനെയാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നൽകിയത്. ഇതേതുടർന്ന് പ്രതിയെ തിങ്കളാഴ്ച ഹാജരാക്കാൻ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി നിർദേശം നൽകി.
പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് മലപ്പുറത്ത് റിമാൻഡിൽ കഴിയുകയാണ് പ്രതിയിപ്പോൾ. പ്രതിയുടെ മൊബൈൽ ഫോൺ കാൾ േഡറ്റ റെക്കോഡ് അടക്കം നിരവധി രേഖകൾ ലഭിച്ചതായും കൂടാതെ, പ്രതിയുമായി ബന്ധപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്തതായും കസ്റ്റംസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ അന്വേഷണം പൂർത്തീകരിക്കാൻ കഴിയൂ.
കഴിഞ്ഞ 21നാണ് 1,11,00,320 രൂപ വിലയുള്ള 2332 ഗ്രാം സ്വർണവുമായി ഷഫീഖ് പിടിയിലായത്. പ്രതിക്ക് അന്തർ സംസ്ഥാന സ്വർണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായി സംശയമുണ്ടെന്നും നിലവിലെ സംഭവം മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചു. കുറ്റകൃത്യത്തിന് പിന്നിൽ അന്തർ സംസ്ഥാന സ്വർണക്കടത്ത് റാക്കറ്റുകൾ ഉള്ളതിനാൽ വിശദ അന്വേഷണം ആവശ്യമാണ്. ഇന്ത്യയിലേക്ക് വൻതോതിൽ സ്വർണം കടത്തിക്കൊണ്ടുവരുന്ന പ്രധാന വ്യക്തികളെ കണ്ടെത്തേണ്ടതുണ്ട്. സമ്പദ്വ്യവസ്ഥക്കും ദേശീയസുരക്ഷക്കും വൻ ഭീഷണിയായ സ്വർണക്കടത്തിന് പിന്നിലെ പ്രതികളുടെ ലക്ഷ്യമെന്താണെന്ന് കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് സൂപ്രണ്ട് (പ്രിവൻറിവ്) കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. പ്രതിയെ ഹാജരാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നുമുള്ള രണ്ട് അപേക്ഷയാണ് കസ്റ്റംസ് കോടതിയിൽ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.