സ്വര്‍ണക്കടത്തുമായ് ബന്ധമുള്ള മന്ത്രി ജലീലിന്‍റെ നടപടികൾ ദുരൂഹം -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്തുമായ് ബന്ധമുള്ള മന്ത്രി കെ.ടി. ജലീലിന്‍റെ നടപടികൾ ദുരൂഹമാണെന്നും അദ്ദേഹം രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജലീൽ എത്തിച്ചത് ഭക്ഷ്യധാന്യ കിറ്റല്ല സ്വർണക്കിറ്റാണെന്ന് അന്ന് ബി.ജെ.പി പറഞ്ഞത് ഇന്ന് വ്യക്തമാകുകയാണ്. സി-ആപ്റ്റിലെ നിയമനങ്ങളെല്ലാം അനധികൃതമാണ്. ജലീലിന്‍റെ താൽപര്യപ്രകാരം മാനേജിങ് ഡയറക്ടറെ നിയമിച്ചത് എല്ലാവിധ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ്. സ്വര്‍ണക്കടത്തിന്‍റെ വേരുകള്‍ കേരളത്തിന്‍റെ ജുഡീഷ്യറിയിലേക്കും എത്തുന്നുണ്ട്. ഒരു റിട്ട. ജഡ്ജിയുടെ സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദമാണ്. തിരുവനന്തപുരം വഞ്ചിയൂരില്‍ ഡി.ആര്‍.ഐ ഓഫിസ് കുത്തിത്തുറന്ന് ഫയലുകള്‍ കൊണ്ടുപോയെന്നത് ഗൗരവകരമാണ്.
മഹാരാഷ്ട്രയിലെ ജ്വല്ലറി തട്ടിപ്പുകേസിലെ പ്രതികളുമായി സ്പീക്കർക്കും ഇ.പി. ജയരാജൻ, കടകംപള്ളി എന്നീ മന്ത്രിമാർക്കും എളമരം കരീമിനുമുള്ള ബന്ധം പുറത്തുവന്നു കൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കി. ട്രഷറി തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കാന്‍ ധനമന്ത്രി തോമസ് ഐസക് തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.