സ്വർണക്കടത്ത്: പ്രതികൾ വളർന്നത് പരസ്പരം പാരവെച്ച്
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികൾ സാമ്പത്തിക നേട്ടമുണ്ടാക്കിയത് പരസ്പരം വഞ്ചന നടത്തിയാണെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കണ്ടെത്തൽ. കടത്തിക്കൊണ്ടുവരുന്ന സ്വർണത്തിെൻറ അളവ് കുറച്ചുകാണിച്ചും കമീഷൻ തുക പെരുപ്പിച്ചും പ്രതികൾ പരസ്പരം വഞ്ചന നടത്തുകയായിരുന്നുവത്രെ. ലൈഫ് മിഷൻ വഴി വൻതോതിൽ കമീഷൻ ൈകപ്പറ്റിയതായും ഇ.ഡിക്ക് സൂചന ലഭിച്ചിട്ടുണ്ട്.
കള്ളക്കടത്ത് സ്വർണത്തിന് ഒരു കിലോക്ക് 1000 ഡോളറെന്ന കണക്കിലാണ് സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവർ റമീസിൽനിന്ന് ഈടാക്കിയിരുന്നത്. ഒരു തവണ കടത്തുന്നതിന് 50,000 രൂപ കൂടുതലായും ഈടാക്കിയിരുന്നു. കമീഷൻ തുക കുറക്കാൻ സ്വർണത്തിെൻറ തൂക്കം മറ്റ് പ്രതികളിൽനിന്ന് റമീസ് മറച്ചുവെച്ചിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. റമീസ് ഇത്തരത്തിൽ ചതി നടത്തിയപ്പോൾ യു.എ.ഇ കോൺസൽ ജനറലിനെ വലിച്ചിഴച്ചാണ് സ്വപ്ന നേട്ടമുണ്ടാക്കിയത്.
സ്വർണം കടത്തുന്നത് തനിക്ക് കോൺസുലേറ്റിലുള്ള ബന്ധം ഉപയോഗിച്ചാണെന്നും ഇതിനായി കോൺസൽ ജനറലിന് 1000 ഡോളർ വീതം നൽകണമെന്നും റമീസിനെ വിശ്വസിപ്പിച്ച സ്വപ്നയും സരിതും ചേർന്ന് ഈ തുക റമീസിൽനിന്ന് ഈടാക്കിയിരുന്നു. യഥാർഥത്തിൽ കോൺസൽ ജനറലിന് ഇതുസംബന്ധിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ലത്രേ. ഏകദേശം 18 തവണ ഈ രീതിയിൽ സ്വർണം കടത്തി. ഇതുവരെ 21 തവണയായി 164 കിലോ സ്വർണമാണ് സംഘം കൊണ്ടുവന്നത്. 21 തവണയും തിരുവനന്തപുരം വിമാനത്താവളം വഴിയാണ്.
തൃശൂരിൽ യു.എ.ഇ കോൺസുലേറ്റ് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 18 കോടി മുതൽമുടക്കിൽ 120 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിച്ച് നൽകാൻ പദ്ധതി തയാറാക്കിയിരുന്നു. ഇതിെൻറ നിർമാണത്തിന് കരാർ നൽകുക വഴി സ്വപ്നയും കോൺസുലേറ്റിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് 3.6 കോടിയോളം രൂപ കമീഷൻ കൈപ്പറ്റിയതായി ഇ.ഡിക്ക് സൂചന ലഭിച്ചിട്ടുണ്ട്.
കോൺസുലേറ്റിെൻറ ഹൈദരാബാദ് ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ടും വൻ തുക കമീഷൻ നേടിയതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സ്വർണക്കടത്തിൽ യു.എ.ഇയിലുള്ള പ്രധാനി ഫൈസൽ ഫരീദ് അല്ലെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.