സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വപ്നക്ക് സ്വാധീനമെന്ന് എൻ.ഐ.എ
text_fields
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നെന്ന് എൻ.ഐ.എ. സ്വപ്നയുടെ ജാമ്യഹരജിയിൽ വാദം കേൾക്കവെ, എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരായ അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാറാണ് ഇക്കാര്യം ബോധിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തെൻറ മാർഗദർശിയാണെന്നും മുഖ്യമന്ത്രിയുമായി പരിചയമുണ്ടെന്നും സ്വപ്ന നൽകിയ 32 പേജ് വരുന്ന മൊഴിയുദ്ധരിച്ച് എൻ.ഐ.എ വ്യക്തമാക്കി. സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലും കോൺസുലേറ്റിലും സ്വാധീനമുണ്ടായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടെന്നും സ്വപ്ന സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥെൻറ പേര് എൻ.ഐ.എ പരാമർശിച്ചിട്ടില്ല.
ജൂൺ 30ന് കസ്റ്റംസ് പിടികൂടിയ സ്വർണം വിട്ടുകിട്ടാൻ സഹായം തേടി സ്വപ്ന ശിവശങ്കറിെൻറ ഫ്ലാറ്റിൽ ചെന്നിരുന്നു. എന്നാൽ, ഇതിൽ ഇടപെടാൻ അദ്ദേഹം തയാറായില്ലെന്നും എൻ.ഐ.എ ബോധിപ്പിച്ചു.ഇരുഭാഗം വാദവും കേട്ടശേഷം പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാർ ജാമ്യഹരജി വിധിപറയാൻ തിങ്കളാഴ്ചത്തേക്ക് മാറ്റി. രാവിലെ 11.15ന് തുടങ്ങിയ വാദം കേൾക്കലിൽ അരമണിക്കൂറോളം നീണ്ട അസി. സോളിസിറ്റർ ജനറലിെൻറ വാദത്തിനിടെ രണ്ടുതവണയാണ് മുഖ്യമന്ത്രിയെയും ഓഫിസിനെയും പരാമർശിച്ചത്.
സ്വപ്നയെക്കൂടാതെ കോൺസുലേറ്റ് ജനറലിെൻറ ഓഫിസിലെ പ്രവർത്തനം നടക്കില്ലെന്ന രീതിയിലുള്ള ബന്ധം ഇവർക്ക് കോൺസുലേറ്റുമായുണ്ടായിരുന്നു. മൊഴിപ്പകർപ്പിലെ 21ാം പേജിലാണ് മുഖ്യമന്ത്രിയുമായുള്ള പരിചയത്തെക്കുറിച്ച പരാമർശങ്ങളുള്ളത്. ശിവശങ്കറുമായുള്ള ബന്ധത്തെപ്പറ്റി ഏഴ് പേജ് പറയുന്നു. താൻ സ്ഥിരമായി ശിവശങ്കറിെൻറ ഉപദേശം തേടിയിരുന്നുവെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ട്്. അദ്ദേഹത്തിൽനിന്ന് ലഭിച്ച സഹായങ്ങളും ഇവർ സമ്മതിച്ചു. സ്പേസ് പാർക്കിൽ ജോലിവാങ്ങി നൽകിയതിലും ശിവശങ്കറിെൻറ സഹായമുണ്ടായിരുന്നുവെന്നും ഇവർ സമ്മതിച്ചു.
സ്വർണക്കടത്തിലെ വരുമാനത്തിൽനിന്ന് ആയിരം ഡോളർ വീതം അറബ് രാജ്യക്കാരും 50,000 രൂപ വീതം സരിത്തും സന്ദീപ് നായരും വാങ്ങിയിരുന്നെന്ന് വിവരം ലഭിച്ചതായി വെളിപ്പെടുത്തിയ എൻ.ഐ.എ, എന്നാൽ, ഇവർ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടവരാണോയെന്ന് വ്യക്തമാക്കിയില്ല. പ്രതിക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജുഡീഷ്യൽ കസ്റ്റഡി അനിവാര്യമാണെന്നും എൻ.ഐ.എ ബോധിപ്പിച്ചു.
സ്വാധീനമുണ്ടെന്ന് പറഞ്ഞിട്ടില്ല –സ്വപ്നയുടെ അഭിഭാഷകൻ
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വപ്നക്ക് സ്വാധീനമുണ്ടെന്ന് കോടതിയിൽ എൻ.ഐ.എ പറഞ്ഞിട്ടില്ലെന്ന് വാദം കേൾക്കലിനുശേഷം പുറത്തിറങ്ങിയ സ്വപ്നയുടെ അഭിഭാഷകൻ അവകാശപ്പെട്ടു. എല്ലാവർക്കും അറിയാവുന്നതുപോലെ സ്വപ്നക്കും മുഖ്യമന്ത്രിയെ അറിയാം. അതിൽ പ്രത്യേകം തെളിയിക്കപ്പെടേണ്ട ഒന്നുമില്ല. പിടിച്ചെടുത്ത സ്വർണം സ്വകാര്യ ആവശ്യത്തിനോ മകളുടെ വിവാഹത്തിനോ സൂക്ഷിച്ചതായിരുെന്നന്നും അഭിഭാഷകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.