ശുദ്ധികലശം തുടങ്ങി; തുടക്കം വ്യവസായമന്ത്രിയുടെ ഒാഫിസിൽ
text_fieldsതിരുവനന്തപുരം: മന്ത്രിമാരുടെ ഒാഫിസുകളിൽ പെരുമാറ്റച്ചട്ടം അരക്കിട്ടുറപ്പിച്ച് പിടിമുറുക്കാൻ സി.പി.എം തീരുമാനമെടുത്തതിന് പിന്നാലെ വ്യവസായമന്ത്രിയുടെ ഒാഫിസിൽ ശുദ്ധികലശം. േപഴ്സനൽ സ്റ്റാഫിലെ ആരോപണവിധേയരായ രണ്ടുപേരിൽ ഒരാളെ ഒഴിവാക്കി ചൊവ്വാഴ്ച ഉത്തരവിറക്കി.
വ്യവസായമന്ത്രിയുടെ ഒാഫിസിലെ രണ്ട് അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിമാർക്കെതിരെ മാസങ്ങളായി വിവിധ പരാതികൾ ഉയർന്നിരുന്നു. സാമ്പത്തിക ഇടപാടുകൾക്ക് പുറമെ നിയമനങ്ങളിലെ അനാവശ്യ ഇടപെടൽ വരെ ഇവർക്കെതിരായ പരാതികളിൽ ഉണ്ടെങ്കിലും മന്ത്രിയുടെ താൽപര്യപ്രകാരം ഒതുക്കിവെക്കുകയായിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനിയും നടപടി വൈകിയാൽ അപകടമാകുമെന്ന് ബോധ്യെപ്പട്ടതോടെ വേഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഒാഫിസിനെതിരെ വിവാദം ഉയർന്നതോടെ സ്വന്തം മന്ത്രിമാരുടെ േപഴ്സനൽ സ്റ്റാഫംഗങ്ങളുടെ യോഗം വിളിച്ചുചേർക്കാൻ സി.പി.എം തീരുമാനിച്ചുകഴിഞ്ഞു. ആരോപണവിധേയനായ കാസർകോട് സ്വദേശിയായ അസി. പ്രൈവറ്റ് സെക്രട്ടറിയിൽനിന്ന് കഴിഞ്ഞദിവസം രാജി എഴുതിവാങ്ങി. ആരോഗ്യപരമായ കാരണങ്ങളാൽ േപഴ്സനൽ സ്റ്റാഫിൽനിന്ന് ഒഴിവാക്കണമെന്നാണ് അദ്ദേഹം അപേക്ഷ നൽകിയത്. അപേക്ഷ അംഗീകരിച്ച് ഉത്തരവാകുകയും ചെയ്തു.
ആരോപണവിധേയരിലെ രണ്ടാമൻ പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽനിന്ന് മന്ത്രിയുടെ േപഴ്സനൽ സ്റ്റാഫിൽ എത്തിയ ആളാണ്. രണ്ടുപേരെയും ഒരുമിച്ച് മടക്കി അയച്ചാൽ വിവാദമാകുമെന്ന് കരുതിയാണ് നടപടി തൽക്കാലം ഒരാളിൽ മാത്രമായി ഒതുക്കിനിർത്തിയതെന്ന് അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.