സ്വര്‍ണക്കടത്ത്: ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി വയനാട്ടിൽ പിടിയില്‍
text_fieldsമീനങ്ങാടി (വയനാട്): സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയെ വയനാട് പൊലീസ് സാഹസികമായി പിടികൂടി. കമ്പളക്കാട് പൂവനേരിക്കുന്ന് ചെറുവനശ്ശേരി വീട്ടില്‍ സി.എ. മുഹ്സിനെയാണ് (29) മീനങ്ങാടി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍നിന്ന് ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണക്കവര്‍ച്ച നടത്തിപ്പുമായി ബന്ധപ്പെട്ട വിരോധത്താല്‍ വീട്ടില്‍ അതിക്രമിച്ചുകയറി കരണി സ്വദേശിയായ യുവാവിനെ വടിവാളുകൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപിച്ച കേസിലാണ് നടപടി. അന്തർ സംസ്ഥാന തൊഴിലാളികളുടെ കൂടെ ക്വാര്‍ട്ടേഴ്സില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാള്‍ ആഴ്ചകള്‍ക്കുള്ളില്‍ താമസസ്ഥലം മാറിയിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടുന്നത്.
ഏഴു വര്‍ഷത്തിനുള്ളില്‍ ഇയാൾക്കെതിരെ വയനാട് ജില്ലയിലെ കമ്പളക്കാട്, പടിഞ്ഞാറത്തറ, പനമരം, മേപ്പാടി പൊലീസ് സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലുമായി വധശ്രമം, ക്വട്ടേഷന്‍, തട്ടിക്കൊണ്ടുപോകൽ, ലഹരിക്കടത്ത് അടക്കം എട്ടോളം കേസുകളുണ്ട്. സ്വര്‍ണം, പണം മുതലായവ കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് കവര്‍ച്ച ചെയ്യലാണ് ഇയാളുടെ രീതി.
ഇയാൾക്കെതിരെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്താനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
2023 ഒക്ടോബർ 13ന് പുലര്‍ച്ച 2.30നാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ അഷ്കര്‍ അലിയെ വീട്ടില്‍വെച്ച് വെട്ടിപ്പരിക്കേൽപിച്ച് കടന്നുകളഞ്ഞത്. കഴുത്തിനും കൈക്കും കാലിനും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അഷ്കർ അലിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ കവരുകയും ചെയ്തു. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ 14 പേരെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഇനി ഒരാള്‍കൂടി പിടിയിലാകാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.