സ്വർണക്കടത്ത്: മുഖ്യസൂത്രധാരൻ റമീസെന്ന് എൻ.െഎ.എ
text_fieldsകൊച്ചി/ തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ മുഖ്യസൂത്രധാരൻ മലപ്പുറം വെട്ടത്തൂർ സ്വദേശി കെ.ടി. റമീസാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് എറണാകുളം പ്രത്യേക കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് പ്രധാന കണ്ണികളെ ബന്ധിപ്പിച്ചിരുന്ന പ്രധാന സൂത്രധാരൻ റമീസാണെന്ന് നേരത്തേ കസ്റ്റംസും ആരോപിച്ചിരുന്നു.
കേരളത്തിലെയും വിദേശെത്തയും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള റമീസാണ് സൂത്രധാരനെന്ന് സന്ദീപ് നായരും സ്വപ്ന സുരേഷും സമ്മതിച്ചതായി എൻ.ഐ.എ പറയുന്നു. ലോക്ഡൗണിൽ കൂടുതൽ സ്വർണം കടത്തുന്നതിന് നിർദേശിച്ചത് റമീസാണെന്നാണ് എൻ.ഐ.എക്ക് സന്ദീപ് നൽകിയ മൊഴി. കൂടുതൽ അളവിൽ കൂടുതൽ തവണ സ്വർണം എത്തിക്കാൻ റമീസ് നിർദേശിച്ചതായാണ് സന്ദീപ് നായർ മൊഴി നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിൽ റമീസിനെ പ്രതിചേർക്കാൻ നടപടി പുരോഗമിക്കുകയാണെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു.
രാജ്യത്തേക്ക് വൻതോതിൽ സ്വർണക്കടത്ത് നടത്തി സാമ്പത്തികസ്ഥിരത നഷ്ടപ്പെടുത്താൻ സന്ദീപ് നായരും സ്വപ്ന സുരേഷും മറ്റുപ്രതികൾക്കൊപ്പം ചേർന്ന് കേരളത്തിലെ വിവിധ ഇടങ്ങളിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ട്. തീവ്രവാദപ്രവർത്തനത്തിന് പണം കണ്ടെത്തുന്നതിനാണോ ഈ രീതിയിൽ സ്വർണം കടത്തിയതെന്ന് സംശയിക്കുന്നതായും എൻ.ഐ.എ ബോധിപ്പിച്ചു. ഗൂഢാലോചനയിൽ നിലവിൽ അറസ്റ്റിലായവർക്കു പുറമെ നിരവധിപേരുണ്ടെന്ന് സ്വപ്നയും സന്ദീപ് നായരും വ്യക്തമാക്കിയിട്ടുണ്ട്. സ്വർണക്കടത്തിലൂടെ സ്വപ്ന, സരിത്, സന്ദീപ് എന്നിവർ വൻ സാമ്പത്തിക നേട്ടമുണ്ടാക്കി. സ്വപ്നക്ക് പണവും സ്വർണവുമായി വൻ നിക്ഷേപമുണ്ട്. രാജ്യത്തിെൻറ സാമ്പത്തിക നില തകർക്കാനാണ് സ്വർണക്കടത്ത് സംഘം ശ്രമിച്ചത്. തീവ്രവാദ സംഘടന ബന്ധമുള്ള ചിലർക്ക് ഇടപാടിൽ പങ്കുണ്ട്.
പ്രതികളെ ഈ ഘട്ടത്തിൽ ജാമ്യത്തിൽ വിട്ടാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും എൻ.ഐ.എ ബോധിപ്പിച്ചു. വാദം കേട്ട കോടതി ഈ മാസം 24 വരെ വീണ്ടും കസ്റ്റഡിയിൽ വിടുകയായിരുന്നു. ഏഴുദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരെയും ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.