സ്വർണക്കടത്ത്: ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നു; സ്വപ്നയും എൻ.ഐ.എ ഒാഫീസിൽ
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻ.ഐ.എ ഒാഫീസിലാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസിൽ മൂന്നാം തവണയാണ് ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത്.
കേസിലെ പ്രതി സ്വപ്നയെയും എൻ.ഐ.എ ഒാഫീസിൽ എത്തിച്ചിട്ടുണ്ട്. ശിവശങ്കറിനെയും സ്വപ്നയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. നാളെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സ്വപ്നയെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്.
നേരത്തെ, ശിവശങ്കറെ മണിക്കൂറുകളോളം ചോദ്യം ചെയ്ത എൻ.ഐ.എ അദ്ദേഹത്തെ വിട്ടയച്ചിരുന്നു. ശിവശങ്കറിന്‍റെ മൊഴികൾ വിലയിരുത്തിയ ശേഷമാണ് ചോദ്യം ചെയ്യലിനായി സ്വപ്നയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രിയുടെ ഒാഫിസുമായി ഉണ്ടായിരുന്ന സ്വാധീനം അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ വഴിയാണെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഐ.ടി വകുപ്പിന് കീഴിച്ച സ്പേസ് പാർക്കിൽ സ്വപ്നക്ക് ജോലി നൽകിയത് ശിവശങ്കറാണ്. ഇക്കാര്യത്തിൽ ശിവശങ്കർ തന്‍റെ അഭ്യുതയകാംക്ഷിയാണെന്നാണ് സ്വപ്ന വ്യക്തമാക്കിയത്.
വിമാനത്താവളത്തിൽ സ്വർണം പിടികൂടിയ സമയത്ത് ശിവശങ്കറിന്‍റെ ഫ്ലാറ്റിൽ പോയ സ്വപ്ന അദ്ദേഹത്തോട് സഹായം തേടിയിരുന്നു. എന്നാൽ, ശിവശങ്കർ സ്വപ്നയെ സഹായിച്ചില്ലെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് ശിവശങ്കർ വിദേശ യാത്ര നടത്തിയിരുന്നു. ഈ സന്ദർഭത്തിൽ സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ. മൂന്നു തവണ വിദേശത്തേക്കും തിരിച്ചും ശിവശങ്കറിനൊപ്പം യാത്ര നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്ത് കേസിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചു കളഞ്ഞിരുന്നു. 4000 ജി.ബിയോളം വരുന്ന ഒാഡിയോ അടക്കമുള്ള തെളിവുകൾ എൻ.ഐ.എ വീണ്ടെടുത്തിരുന്നു. ഇതിൽ 2000 ജി.ബി സ്വപ്നയും സദ്ദീപും തമ്മിലുള്ള ആശയവിനിമയങ്ങളാണ്. ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെയാണ് എൻ.ഐ.എ അന്വേഷണം ഊർജിതമാക്കിയത്.
ഡിജിറ്റൽ തെളിവുകളിൽ നിന്നു ലഭിച്ച വിവരങ്ങളും പ്രതികളുടെ മൊഴികളും എം.ശിവശങ്കറിന്‍റെ മൊഴികളും വിശദമായി പരിശോധിച്ച ശേഷം ഇതിലുണ്ടായിട്ടുള്ള വൈരുധ്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇവരെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.