സ്വർണം പൊട്ടിക്കൽ: ക്രൈംബ്രാഞ്ച് റിപ്പോർട്ട് പൂഴ്ത്തി; അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി അടക്കമുള്ളവർക്കെതിരെ പരാമർശം
text_fieldsതിരുവനന്തപുരം: അൻവർ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവള പരിസരങ്ങളിലെ സ്വർണം പൊട്ടിക്കൽ കേസുകൾ അന്വേഷിക്കുമ്പോൾ ഇതുസംബന്ധിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഫ്രീസറിൽ. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടി.പി. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ 2021ൽ കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കലിന് പിന്നിലെ മാഫിയ ബന്ധം സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു. സ്വർണം നഷ്ടമായവരോ മർദനമേറ്റവരോ പരാതി നൽകിയില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്തായിരുന്നു അന്വേഷണം.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി. സന്തോഷിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 400 പേരുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് നൽകി. ഇടത് സൈബർ പോരാളികളായ സ്വർണക്കടത്ത്, ക്വട്ടേഷൻ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി നടപടി നേരിട്ട ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി തുടങ്ങിയവരുൾപ്പെടെ സ്ഥിരമായി സ്വർണക്കടത്തിലും പൊട്ടിക്കലിലും ഉൾപ്പെട്ടവരായിരുന്നു ഇവരെല്ലാം. എന്നാൽ, ഒരു നടപടിയുമുണ്ടായില്ല. ആഭ്യന്തര വകുപ്പിൽ റിപ്പോർട്ട് പൂഴ്ത്തിയതിന് പിന്നിൽ ആരായിരുന്നുവെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിൽ പ്രതിസ്ഥാനത്തുള്ള എസ്. സുജിത് ദാസ് അടക്കമുള്ളവരിലേക്കാണ് സംശയമുന നീളുന്നത്.
ആഭ്യന്തര വകുപ്പിൽ നടപടിയില്ലാതെ കിടക്കുന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്.
പൊട്ടിക്കൽ സംഘത്തിന്‍റെ ഇരകളായ കാരിയർമാരിൽനിന്നാണ് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചത്. കരിപ്പൂർ സ്വർണക്കടത്തിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർക്ക് സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധവും റിപ്പോർട്ടിലുണ്ട്.
സി.പി.എം ഉന്നതരുടെ അറിവോടെയാണ് ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘത്തിന്‍റെ പ്രവർത്തനമെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ല മുൻ പ്രസിഡന്റ് മനു തോമസ് തുറന്നുപറഞ്ഞത് ഈയിടെയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ‘പവർഗ്രൂപ്പി’ന്‍റെ സ്വർണക്കടത്ത് ബന്ധങ്ങളാണ് പി.വി. അൻവർ തുറന്നടിച്ചത്. അതിലേക്ക് വെളിച്ചംവീശുന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഇപ്പോഴും ആഭ്യന്തര വകുപ്പിന്‍റെ തട്ടിൻപുറത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.