തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് കുറഞ്ഞു; കരിപ്പൂര്‍ വഴി വർധിച്ചു
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കുറഞ്ഞെന്നും കരിപ്പൂര്‍ വഴിയുള്ള കടത്ത് വർധിച്ചെന്നും കസ്റ്റംസിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം തിരുവനന്തപുരത്തുനിന്ന് 12.820 കിലോയും കരിപ്പൂരിൽനിന്ന് 120.170 കിലോയും സ്വര്‍ണമാണ് പിടികൂടിയത്.
കരിപ്പൂര്‍ രാജ്യത്ത് എറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയെന്നാണ് കേന്ദ്ര സർക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കസ്റ്റംസ് നല്‍കിയിരിക്കുന്ന വിവരം. രാജ്യത്ത് കൂടുതല്‍ സ്വര്‍ണം പിടികൂടുന്ന വിമാനത്താവളം ചെന്നൈയാണ്. ചെന്നൈയിൽ 130.109 കിലോ സ്വര്‍ണമാണ് ഈ സാമ്പത്തിക വർഷം പിടികൂടിയത്. കൊച്ചിയില്‍നിന്ന് 62.281കിലോയും കണ്ണൂരില്‍നിന്ന് 28.939 കിലോയും പിടികൂടി.
കോവിഡ് പ്രതിസന്ധി കാരണം വിമാന സർവിസുകള്‍ കുറഞ്ഞ സമയത്തുപോലും ഇത്രയധികം സ്വര്‍ണം കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത് കസ്റ്റംസിനെയും ഞെട്ടിച്ചിരിക്കുകയാണ്.
പിടികൂടിയതിന്‍റെ മൂന്നിരട്ടി സ്വര്‍ണം സംസ്ഥാനത്ത് എത്തിയിട്ടുണ്ടാകുമെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയത് വിവാദമായതിനെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കിയതോടെയാണ് തിരുവനന്തപുരം വഴിയുള്ള സ്വർണക്കടത്തിൽ കുറവുണ്ടായത്.
എന്നാല്‍, 20 ലക്ഷത്തിനു താഴെ മാത്രം വിലവരുന്ന സ്വര്‍ണവുമായി നിരവധിപേര്‍ തിരുവനന്തപുരം വിമാനത്താവളം വഴി ദിവസവും പുറത്തേക്ക് കടക്കുന്നു. ഇത് പിടികൂടിയാല്‍ കൊണ്ടുവരുന്നയാള്‍ക്ക് നികുതി അടച്ച് സ്വര്‍ണവുമായി പുറത്തിറങ്ങാന്‍ കഴിയും. ഇത് മുതലെടുത്ത് ഇത്തരം രീതിയില്‍ കൂടുതല്‍ പേരെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.