സ്വർണക്കടത്ത്: കസ്റ്റംസിൽ വ്യാപക അഴിച്ചുപണി
text_fieldsനെടുമ്പാശ്ശേരി: സ്വർണക്കടത്തിന് സഹായികളായി കസ്റ്റംസ് ഉദ്യോഗസ്ഥരിൽ ചിലരുമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും കസ്റ്റംസിൽ വൻ അഴിച്ചുപണി. വർഷങ്ങളായി വിമാനത്താവളങ്ങളിൽ കൂടുതലായി പ്രവർത്തിച്ചിട്ടുള്ളവരെ വിമാനത്താവളങ്ങളില്ലാത്ത യൂനിറ്റുകളിലേക്ക് മാറ്റും. ഇതിനോടകം ഏതാനും ഉദ്യോഗസ്ഥരെ മാറ്റി.
കസ്റ്റംസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ എല്ലാ വിമാനത്താവളങ്ങളിലും ഇന്റലിജൻസ് വിഭാഗമുണ്ട്. എന്നാൽ, ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് സ്വർണക്കടത്തിന് കൂടുതലായി കൂട്ടുനിൽക്കുന്നതെന്നാണ് ആരോപണം. തിരുവനന്തപുരം വഴി സ്വർണം കടത്താൻ കൂട്ടുനിന്നതിന് കഴിഞ്ഞ ദിവസം ഡി.ആർ.ഐയുടെ പിടിയിലായ രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരും ഇന്റലിജൻസ് വിഭാഗത്തിലുള്ളവരാണ്.
ഡി.ആർ.ഐയിൽനിന്ന് ഈ കേസ് സി.ബി.ഐ ഏറ്റെടുത്തേക്കും. കൂടുതൽ തെളിവുകൾ കണ്ടെത്തിയാൽ ഇവരെ പിരിച്ചുവിടാനും തീരുമാനമുണ്ടാകും. മാത്രമല്ല കള്ളക്കടത്തിലൂടെ വരുമാനമുണ്ടാക്കിയതിന്റെ പേരിൽ സ്വത്തുവകകൾ കണ്ടുകെട്ടാനും നടപടിയെടുക്കും. കിലോക്ക് ഒരു ലക്ഷം എന്ന കണക്കിനാണ് സ്വർണം കടത്തുന്നവരിൽനിന്ന് ഇവർ പ്രതിഫലം കൈപ്പറ്റിയത്. ഇവരുടെ മൊബൈൽ ഫോൺ കാളുകൾ ഡി.ആർ.ഐ പരിശോധിക്കുന്നുണ്ട്. മറ്റ് വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി നിരന്തരം ഇവർ ബന്ധപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷിക്കും. എല്ലാ ഇന്റലിജൻസ് വിഭാഗത്തിലേക്കും കൂടുതൽ വനിതകളെ നിയോഗിക്കാനും തീരുമാനമുണ്ട്.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽനിന്നായി സ്വർണക്കടത്തുമായി ബന്ധമുള്ള 29 വിമാന ജീവനക്കാരാണ് കഴിഞ്ഞ വർഷം പിടിയിലായത്. 81 കിലോ സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. യാത്രക്കാരെയെന്നപോലെ ഇവരെയും വിമാനത്തിൽനിന്ന് ഇറങ്ങുമ്പോൾ കർശനമായി പരിശോധിക്കണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഭാഗമായും മറ്റും കൊണ്ടുവരുന്ന സ്വർണം പഴയ രൂപത്തിലാക്കിയെടുക്കുന്നത് മൂവാറ്റുപുഴയിലും തൃശൂരിലും വെച്ചാണെന്നും വെളിപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.